കാൻബെറ: ഓസ്‌ട്രേലിയൻ പാർലമെൻറ് അംഗമായിരുന്ന ഇന്ത്യൻ വംശജൻ ദവെ ശർമ്മ (47) തിങ്കളാഴ്ച സെനറ്റ് അംഗമായി സത്യപ്രതിജ്ഞ എടുത്തു. സിഡ്‌നി ഉൾപ്പെട്ട ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് അദ്ദേഹം സെനറ്റിലേക്കു എത്തിയത്. സംസ്ഥാനത്തു പ്രതിപക്ഷ ലിബറൽ പാർട്ടിയിൽ നിന്നു സെനറ്റിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജൻ തോൽപിച്ചത് മുൻ സ്റ്റേറ്റ് ട്രഷറർ ആൻഡ്രു കോൺസ്റ്റൻസിനെ ആണ്.
ഓസ്‌ട്രേലിയയുടെ ഇസ്രയേലിലെ അംബാസഡർ ആയിരുന്ന ശർമ്മ മുൻ വിദേശകാര്യ മന്ത്രി മറൈസ് പൈൻ ഒഴിഞ്ഞ സീറ്റിലാണ് സെനറ്റിൽ എത്തിയത്.
വിദേശത്തെ നയതന്ത്ര പരിചയം ശർമ്മയ്ക്കു മുതൽക്കൂട്ടാവുമെന്നു ലിബറൽ പാർട്ടി നേതാവ് പീറ്റർ ഡറ്റൺ പറഞ്ഞു. വാഷിംഗ്‌ടണിലും ജോലി ചെയ്തിട്ടുള്ള ശർമ്മ പ്രധാനമന്ത്രിയുടെ വകുപ്പിൽ അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതല വഹിച്ചിട്ടുമുണ്ട്. കേംബ്രിഡ്ജിൽ നിന്നാണ് നിയമബിരുദം എടുത്തത്.