സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം ആനിമലിന് സമ്മിശ്ര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേരെത്തിയിരുന്നു. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തെ കുറിച്ച് ഒരു വിഭാഗം ആളുകള്‍ അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ സ്ത്രീവിരുദ്ധതയാണ്.
ഇപ്പോഴിതാ ആനിമലിനെ കുറിച്ചുള്ള തൃഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോസ്റ്റ് വിവാദമായതോടെ താരം അത് പിന്‍വലിക്കുകയും ചെയ്തു. വയലന്‍സ് ആണ് ആനിമല്‍ എന്ന ചിത്രത്തിന്റെ മുഖ്യ ഘടകം. കള്‍ട്ട് എന്നാണ് ചിത്രത്തെ അഭിനന്ദിച്ച് തൃഷ കുറിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന മന്‍സൂര്‍ അലി ഖാന്റെ തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശവും ചേര്‍ത്തായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരാള്‍ ചോദിച്ചത്.
റിലീസിന് മുന്‍പേ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രമാണ് ആനിമല്‍. മൂന്ന് മണിക്കൂറും 21 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണിത്. ധനികനായ വ്യവസായി ബല്‍ബീര്‍ സിങ്ങിന്റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെടുന്നത്.
അനില്‍ കപൂര്‍ ആണ് ബല്‍ബീര്‍ സിങ്ങിന്റെ വേഷം ചെയ്യുന്നത്. തന്റെ പിതാവിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള മനസുമായി മുന്നോട്ടു പോകുന്ന കഥാപാത്രമാണ് രണ്‍ബീര്‍ സിംഗിന്റേത്. രശ്മിക മന്ദാന ആണ് ചിത്രത്തില്‍ രണ്‍ബീറിന്റെ ഭാര്യയായി വേഷമിടുന്നത്. രണ്‍ബീറിന്റെ ശത്രുവായി ബോബി ഡിയോളും പ്രത്യക്ഷപ്പെടുന്നു.