ഡബ്ലിന്‍ :അയര്‍ലണ്ടിലെ അഭയാര്‍ഥികളുടെ ആകെയെണ്ണം ഒരു ലക്ഷം കഴിഞ്ഞതായി ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍. ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്തവര്‍ 74000 പേരാണുള്ളത്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നും അഭയം തേടി അയര്‍ലണ്ടില്‍ എത്തിയവരുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ ആറിരട്ടി വര്‍ദ്ധനവാണ് ഉണ്ടായത്. നാലായിരത്തില്‍ നിന്നും ഇരുപതിനാലായിരമായാണ് അവരുടെ എണ്ണം കൂടിയത്.അള്‍ജീരിയ,ജോര്‍ജിയ,സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയത്.
നിലവില്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കാനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് സംജാതമാവുന്നത്.ഇതേ തുടര്‍ന്ന് അഭയാര്‍ഥികളുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി വെളിപ്പെടുത്തി.
താമസ സൗകര്യത്തിന് പുറമെ ഭക്ഷണവും, 30 യൂറോയുടെ ‘വട്ടച്ചിലവ് ‘കാശുമാണ് നിയമാനുസൃത അപേക്ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കുന്നത്.ഈ തുകയാണ് ജീവിത ച്ചിലവ് വര്‍ദ്ധനവിനെ തുടര്‍ന്ന് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചത്. ദുര്‍ബ്ബലരായ അഭയാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ ഗാര്‍ഡായും ഭവനരഹിതരായ ചാരിറ്റികളുമായി ചേര്‍ന്ന് നടത്തുമെന്നും മന്ത്രി വിശദമാക്കി.
ഡബ്ലിനില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് , താമസത്തിനായി സമീപിച്ചവരെ ആരെയും തിരിച്ചയച്ചിട്ടില്ലെന്നും എന്നാല്‍ ”അടുത്ത ദിവസങ്ങളില്‍” താമസസൗകര്യം ഇല്ലാതാകുമെന്നും ഇന്റഗ്രേഷന്‍ മന്ത്രി വ്യക്തമാക്കിയത്.
‘അന്താരാഷ്ട്ര സംരക്ഷണം തേടി എത്തുന്ന ആളുകളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച’ ഒരു ജുഡീഷ്യല്‍ റിവ്യൂ കേസില്‍ ഏപ്രിലില്‍ ഉണ്ടായ ഹൈക്കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഐറിഷ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി കമ്മീഷനും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകര്‍ക്ക് നല്‍കേണ്ട അവകാശങ്ങളുടെ വ്യവസ്ഥകള്‍ നല്‍കുന്നതിലെ പരാജയം നിയമവിരുദ്ധമാണെന്നും അത് ചാര്‍ട്ടര്‍ ഓഫ് മൗലികാവകാശങ്ങള്‍ക്ക് കീഴിലുള്ള അന്തസ്സിനുള്ള അപേക്ഷകന്റെ അവകാശത്തിന്റെ ലംഘനമാണെന്നും’ വിധിയില്‍ പറഞ്ഞിരുന്നു.
അയര്‍ലണ്ടിലേക്ക് എത്തുന്ന ഉക്രേനിയക്കാരുടെ എണ്ണം മാത്രം ആഴ്ചയില്‍ 700 നും 800 നും ഇടയിലാണിപ്പോള്‍. ഇവരെ പരമാവധി പേരെ സ്വീകരിക്കുവാന്‍ അയര്‍ലണ്ട് സര്‍ക്കാര്‍ നിര്‍ബന്ധിതരാകേണ്ടതുണ്ട്..