ഖാൻ യൂനുസ്: ഒരാഴ്ച നീണ്ട താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഇസ്രായേൽ ആരംഭിച്ച കനത്ത വ്യോമാക്രമണത്തിൽ തെക്കൻ ഗസ്സയിൽ മരണം 193 ആയി. 650 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു.
ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. ഖാൻ യൂനുസിൽനിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽനിന്ന് ഇസ്രായേൽ പിന്മാറി. ചർച്ച വഴിമുട്ടിയതിനെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാൻ മൊസാദ് മേധാവി ഡേവിഡ് ബർണിയ ആവശ്യപ്പെട്ടു.
ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ ഇരുകൂട്ടരും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഇതിൽ തീരുമാനമാകാതിരുന്നതിനാലാണ് താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിക്കേണ്ടിവന്നത്.