മിസോറാം: സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം മിസോറാമിൽ പ്രതിപക്ഷം ഭരണത്തിലേറും. 40 അംഗ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 35-ൽ 28 സീറ്റുകളും നേടി പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്റ് പാർട്ടി വൻ വിജയയം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി സൊറംതംഗയുടെ മിസോ നാഷണൽ ഫ്രണ്ടിന് (എംഎൻഎഫ്) മൂന്നു മുതൽ ഏഴുവരെ സീറ്റുകൾ മാത്രമേ നേടാനാകൂവെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
എംഎൻഎഫിന് 27 ശതമാനം വോട്ടും ഇസഡ്പിഎം ന് 49 ശതമാനം വോട്ടും കോൺഗ്രസിന് 20 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, സി വോട്ടർ, ജാൻ കി ബാത്ത് എന്നിവയുടെ സംയുക്ത എക്‌സിറ്റ് പോളുകൾ എംഎൻഎഫ് 12 സീറ്റുകളും ഇസഡ്പിഎം-ന് 22 സീറ്റുകളും കോൺഗ്രസ് അഞ്ച് സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
നവംബർ ഏഴിനായിരുന്നു മിസോറാമിൽ വോട്ടെടുപ്പ് നടന്നത്. 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.
2018 നവംബറിൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎഫ് 26 സീറ്റും ഇസഡ്പിഎം എട്ട് സീറ്റും കോൺഗ്രസ് അഞ്ച് സീറ്റും നേടിയപ്പോൾ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.