കൊച്ചി: ‘നിശാന്തതയുടെ കാവല്ക്കാര്’ എന്ന പേരില്‍ അറിയപ്പെടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷന് സ്വദേശി പുളിക്കല്‍പറമ്പില്‍ വീട്ടില്‍ പി.എ. ഇസ്തിയാഖ് (26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന (26) എന്നിവരാണ് പിടിയിലായത്. 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എം.ഡി.എ. പിടിച്ചെടുത്തു. 9000 രൂപ, ഡിജിറ്റല്‍ ത്രാസ്, ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു
ഉപഭോക്താക്കള്‍ക്കിടയില്‍ ‘പറവ’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ഇടയില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഉപഭോക്താക്കളില്‍നിന്ന് ഓണ്‍ലൈന്‍ വഴി പണം വാങ്ങിയായിരുന്നു പ്രതികള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.
പ്രതികള്‍ കാക്കനാട് പടമുകളിലെ സാറ്റലൈറ്റ് ജങ്ഷന് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആക്രമാസക്തരായ പ്രതികളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. പിടിയിലായശേഷവും ആവശ്യക്കാര്‍ ഇവരുടെ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. അങ്കമാലി ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസ്, സ്പെഷ്യല്‍ സ്ക്വാഡ് ഇനസ്പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സരിതാ റാണി, സ്പെഷ്യല്‍ സ്ക്വാഡ് സി.ഇ.ഒമാരായ സി.കെ. വിമല്‍കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.