കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ നല്‍കിയ പരാതി പരിഗണിച്ച് ഗവര്‍ണര്‍ക്കെതിരെ താക്കീതും കര്‍ശനമായ വിധിയും പുറപ്പെടുവിച്ച സുപ്രീം കോടതി പിറ്റേ ദിവസം തന്നെ അതേ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടു വിധി പറഞ്ഞത് യാദൃശ്ചികം മാത്രമാകാം. എങ്കിലും ആ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങളും മുന്നോട്ടു വയ്ക്കുന്ന പാഠങ്ങളും ഏറെയാണ്.
2021 നവംബറിലാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനു പുനര്‍ നിയമനം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ ശുപാര്‍ശപ്രകാരമാണ് പുനര്‍ നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതു സംബന്ധിച്ചു രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് സുപ്രീം കോടതി വിധിയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. 
ഡോ. ഗോപിനാഥ് രവീന്ദ്രനു പുനര്‍ നിയമനം നല്‍കുന്നതിനു മുഖ്യമന്ത്രിക്കും താല്‍പര്യമുണ്ടെന്ന തരത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നോടു സംസാരിച്ചതെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഒരു കാലാവധ് പൂര്‍ത്തിയാക്കിയ ഒരാളെ വീണ്ടും നിയമിക്കേണ്ടതില്ലെന്നു തന്നെയാണ് സുപ്രീം കോടതി വിധി നല്‍കുന്ന പാഠം. സര്‍ച്ച് കമ്മറ്റി രൂപീകരണത്തില്‍ തുടങ്ങി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടു മാത്രമേ ഒരു വൈസ് ചാന്‍സലറെ നിയമിക്കാനാകൂ എന്നര്‍ത്ഥം. തെരഞ്ഞെടുക്കപ്പെടുന്ന ആളിന്‍റെ വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവുമെല്ലാം വിശദമായി പരിശോധിച്ചിരിക്കണം എന്ന കാര്യവും വ്യക്തം.
ഡോ. ഗോപിനാഥ് രവീന്ദ്രനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ യോഗ്യതകള്‍ക്ക് ഒരു കുറവും ആര്‍ക്കും പറയാനുണ്ടാകില്ല. ഒരു സര്‍വകലാശാലയ്ക്കു നേതൃത്വം നല്‍കാനുള്ള ഉയര്‍ന്ന യോഗ്യതകളൊക്കെയുമുണ്ട് അദ്ദേഹത്തിന്. രാഷ്ട്രീയമായും സാമൂഹ്യമായും വ്യക്തമായ നിലപാടുകളുമുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയം സംഘപരിവാര്‍ രാഷ്ട്രീയത്തിനു കീഴിലായപ്പോള്‍ കൈയിലുണ്ടായിരുന്ന ഉന്നത സ്ഥാനം രാജിവച്ചിറങ്ങിയ വ്യക്തിയാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍

ചരിത്ര പണ്ഡിതനും പ്രഗത്ഭനായ അധ്യാപകനുമായ ഡോ. ഗോപിനാഥ് ഡല്‍ഹിയിലെ പ്രശസ്ത ജാമിയ മില്ലിയ സര്‍വകലാശാലയില്‍ അധ്യാപകനായിരിക്കെയാണ് 2017 നവംബര്‍ 20 -ാം തീയതി കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിതനായത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആരംഭകാലത്ത്.
2013 മുതല്‍ 2015 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അംഗമായിരുന്ന അദ്ദേഹം 2015 -ല്‍ ആ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ഈ നിയമനം.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ കൗണ്‍സില്‍ ചെയര്‍മാനായി നിയമിക്കപ്പെട്ട വൈ.എസ് റാവുവിന്‍റെ നടപടികളോടു യോജിക്കാനാവാതെ വന്നതോടെ സ്ഥാനം രാജിവെച്ചിറങ്ങുകയായിരുന്നു ഡോ. ഗോപിനാഥ്.
നാലുവര്‍ഷത്തെ കാവാവധി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു പുനര്‍ നിയമനം നല്‍കുകയായിരുന്നു. യോഗ്യതകളൊക്കെയും പരിശോധിച്ച് ഒരിക്കല്‍ നിയമനം കിട്ടിയ ആളെ ആ സ്ഥാനത്തേയ്ക്കു വീണ്ടും നിയമിക്കുന്നതില്‍ തെറ്റില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയത്. കേരള ഹൈക്കോടതിയും പുനര്‍ നിയമനത്തെ അംഗീകരിച്ചു. പക്ഷെ സുപ്രീം കോടതി വിധി മറിച്ചായി.
വൈസ് ചാന്‍സലറുടേതുപോലെയുള്ള പ്രധാന സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചുതന്നെയായിരിക്കണമെന്ന് ഈ വിധി സംസ്ഥാന സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. ലക്ഷ്യം നല്ലതാണെങ്കിലും അവിടെയെത്താന്‍ സ്വീകരിക്കുന്ന വഴികളും നല്ലതായിരിക്കണമെന്നര്‍ത്ഥം.

By admin

Leave a Reply

Your email address will not be published. Required fields are marked *