വാഷിങ്ടണ്‍: ചില വിഭാഗം എച്ച്~1ബി വിസകള്‍ ആഭ്യന്തരമായി പുതുക്കുന്നിനുള്ള പൈലറ്റ് പദ്ധതിക്ക് യുഎസ് ഡിസംബറില്‍ തുടക്കം കുറിക്കും. ഈ നീക്കം ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ 20,000 അപേക്ഷകര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. നിലവില്‍ അമേരിക്കയില്‍ കഴിയുന്ന വിദേശികളില്‍ 20,000 പേര്‍ക്ക് ഡിസംബര്‍ മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇതുവഴി വിസ ലഭിക്കും. പിന്നീട് എണ്ണം വര്‍ധിപ്പിക്കും.സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ തൊഴില്‍ മേഖലകളില്‍ വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് യു.എസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്~1ബി വിസ. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിച്ചപ്പോള്‍ വൈറ്റ് ഹൗസ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ആറ് മുതല്‍ 12 മാസം വരെയാണ് വിസക്കുവേണ്ടിയുള്ള കാത്തിരിപ്പ് സമയം. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ക്ക് എത്രയും വേഗം വിസ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള പരിഷ്കരണങ്ങളാണ് യുഎസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമാണ് ആഭ്യന്തരമായി വിസ പുതുക്കുന്നതിനുള്ള പൈലറ്റ് പദ്ധതി.