ഫ്‌ളോറിഡ: മറ്റ് സ്ത്രീകളെ നോക്കിയതിന് ഇഷ്ടപ്പെടാതെ 44കാരി കാമുകനെ ക്രൂരമായി ആക്രമിച്ചു. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകന്റെ വലതു കണ്ണില്‍ സൂചികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ശനിയാഴ്ചയാണ് സംഭവം. നായ്ക്കള്‍ക്കെടുക്കാന്‍ കൊണ്ടുവന്ന റാബിസ് ഷോട്ട്‌സ് യുവതി കാമുകന്റെ കണ്ണില്‍ കുത്തിയിറക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
എട്ടുവര്‍ഷമായി ഇരുവരും ഡേറ്റിംഗിലാണ്. ഇതിനിടെ മറ്റ് സ്ത്രീകളെ നോക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. താന്‍ കിടക്കുകയായിരുന്നെന്നും അപ്പോള്‍ ജിംനെസ് ശരീരത്തിലേക്ക് ചാടിക്കയറി രണ്ട് സൂചികള്‍കൊണ്ടും കണ്ണില്‍ കുത്തുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
ഉടന്‍ തന്നെ ജിംനെസ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസെത്തിയപ്പോള്‍ ജിംനെസ് താമസസ്ഥലത്തിന് പുറത്ത് കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കാമുകന്‍ സ്വയം കണ്ണില്‍ കുത്തിയതാണെന്നുമാണ് യുവതി പറയുന്നത്.