യുവത്വത്തിന്റെ ആഘോഷമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമ. രക്തബന്ധത്തെകാളും ഹൃദയബന്ധം സൂക്ഷിക്കുന് മൂന്ന് ബന്ധുക്കളായ ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഒരേ സമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ , നിവിന്‍ പോളി , ഫഹദ് ഫാസില്‍, പാര്‍വതി , പാരിസ് ലക്ഷ്മി, നിത്യ മേനോന്‍, ഇഷ തല്‍വാര്‍, പ്രവീണ, കല്‍പ്പന, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഷൂട്ട് ചെയ്തിരിക്കുന്നത് യഥാര്‍ത്ഥ സൂപ്പര്‍ ക്രോസ് റേസിംഗ് മത്സരമാണെന്ന് വെളിപ്പെടുത്തുകയാണ് അഞ്ജലി മേനോന്‍ ഇപ്പോള്‍. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൂനെയില്‍ നടന്ന റേസിംഗ് മത്സരമാണ് ക്ലൈമാക്സില്‍ കാണിക്കുന്നതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. 
അഞ്ജലി മേനോന്റെ വാക്കുകള്‍
‘ബാംഗ്ലൂര്‍ ഡെയ്സിന്റെ ക്ലൈമാക്സില്‍ ചിത്രീകരിച്ചിരുന്ന വലിയൊരു റേസ് ഉണ്ട്. സത്യത്തില്‍ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അങ്ങനെയാണ് ആ സമയത്ത് പൂനെയില്‍ ഇതുപോലൊരു സൂപ്പര്‍ക്രോസ് ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങള്‍ അറിയുന്നത്. വൈകിട്ട് ഏഴ് മണി മുതല്‍ പത്ത് മണി വരെയാണ് സൂപ്പര്‍ക്രോസ് റേസ് നടക്കുന്നത്. അന്നത്തെ ദേശീയ ചാംപ്യനായ അരവിന്ദ് കെ.പി.യെ ഞങ്ങള്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. 
ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത അജു എന്ന കഥാപാത്രമായി അരവിന്ദിനെയാണ് റേസില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിര്‍ഭാഗ്യവശാല്‍ ആദ്യ റേസില്‍ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാള്‍. അദ്ദേഹം പരാജയപ്പെട്ടാല്‍ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്, ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെയായിരുന്നു. 
ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാല്‍ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാന്‍ ചെയ്തു. അങ്ങനെ ഭാഗ്യവശാല്‍ ഞങ്ങള്‍ ചിത്രീകരിച്ച ആ ലാസ്റ്റ് റേസില്‍ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോല്‍ക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് ആണ് ഞങ്ങള്‍ക്കവിടെ നിന്നും ലഭിച്ചത്. ഞങ്ങള്‍ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. റേസിന്റെ തുടക്കം അജു പരാജയപ്പെടുന്നതായും അങ്ങനെ അവസാനം അവന്‍ വിജയിക്കുന്നതായും കാണിക്കാന്‍ സാധിച്ചു. സത്യത്തില്‍ അതൊരു വലിയ ഭാഗ്യമായി കാണുന്നു. ആ ക്ലൈമാക്സില്‍ കാണുന്നതെല്ലാം റിയല്‍ ലൈഫ് ഫൂട്ടേജ് ആണ്’ അഞ്ജലി മേനോന്‍ പറഞ്ഞു.
ബംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥ സുഹൃത്തുക്കളും കസിന്‍സുമായ മൂന്ന് ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജീവിത പ്രതിസന്ധികളുമെല്ലാം ആണ് സംസാരിച്ചത്. ദുല്‍ഖറിനും നസ്രിയയ്ക്കും നിവിന്‍ പോളിയ്ക്കും തുല്യ പ്രാധാന്യമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. കുട്ടിക്കാല സൗഹൃദം, നൊസ്റ്റാള്‍ജിയ, നഷ്ട പ്രണയം, പാഷനെ പിന്‍തുടരുന്ന ഒരു യുവാവിന്റെ പോരാട്ടം, ഫിസിക്കലി ചലഞ്ചഡ് ആയ ഒരു പെണ്‍കുട്ടിയുടെ അതിജീവനം തുടങ്ങി നിരവധിയേറെ ഘടകങ്ങള്‍ ‘ബാംഗ്ലൂര്‍ ഡേയ്സി’ല്‍ വിഷയമായി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *