കൊച്ചി- അര്‍ധരാത്രികളില്‍ മാത്രം പുറത്തിറങ്ങി എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ എക്സൈസിന്റെ പിടിയിലവായി. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷന്‍ സ്വദേശി പുളിക്കല്‍പറമ്പില്‍ വീട്ടില്‍ ഇസ്തിയാഖ് പി എ (26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി പൂകൈതയില്‍ വീട്ടില്‍ ജമാല്‍ ഹംസ എന്ന ട്രാന്‍സ്ജെന്റര്‍ ഐഡി കാര്‍ഡ് പ്രകാരം അഹാന (26) എന്നിവരാണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീം, അങ്കമാലി ഇന്‍സ്പെക്ടര്‍, എറണാകുളം ഐ. ബി, എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് വിപണി വില 15 ലക്ഷത്തോളം രൂപ വരുന്ന 194 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. 
അതോടൊപ്പം മയക്കുമരുന്ന് വിറ്റുകിട്ടിയ 9000 രൂപ, മയക്കുമരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഒരു ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഉപയോക്താക്കള്‍ക്കിടയില്‍ ‘പറവ’ എന്നാണ് ഇവര്‍ ഇരുവരും അറിയപ്പെട്ടിരുന്നത്.  
ട്രാന്‍സ്ജന്റേഴ്സിന്റെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി ‘നിശാന്ധതയുടെ കാവല്‍ക്കാര്‍’ എന്ന ഗ്രൂപ്പുണ്ടാക്കി അര്‍ധരാത്രികളില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.
പകല്‍ സമയം മുഴുവന്‍ മുറിയില്‍ ചെലവഴിക്കുന്ന ഇവര്‍ അര്‍ധരാത്രിയോടെ ഉപഭോക്താക്കളില്‍ നിന്ന് ഓണ്‍ലൈനായാണ് പണം സ്വീകരിക്കുന്നത്. തുടര്‍ന്ന് മയക്കുമരുന്ന് പ്രത്യേക തരം പാക്കറ്റുകളിലാക്കി ഓരോ ലൊക്കേഷനുകളില്‍ ഡ്രോപ്പ് ചെയ്തു പോകുകയും അതിന്റെ ഷാര്‍പ്പ് ലൊക്കേഷന്‍ മയക്കുമരുന്നിന്റെ ഫോട്ടോ സഹിതം ഉപഭോക്താവിന് അയച്ച് നല്‍കുന്നതുമായിരുന്നു രീതി.  
നിശാന്ധതയുടെ കാവല്‍ക്കാര്‍ സംഘത്തിലെ പ്രധാനികളായ രണ്ടുപേര്‍ കാക്കനാട് പടമുകളില്‍ സാറ്റ്ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇവരുടെ മുറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. 
കൊമേഴ്സ്യല്‍ അളവിലുള്ള രാസലഹരിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള രാസലഹരി 20 ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയക്കുമരുന്ന് ശൃംഖലയില്‍പ്പെട്ട ‘മസ്താന്‍’ എന്ന് വിളിപ്പേരുള്ള ഒരാളില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായതിന് ശേഷവും മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി യുവതി യുവാക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. 
സംഘത്തില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്ന യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. 
അങ്കമാലി ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ. പി. പ്രമോദ്, ഐ. ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ. എന്‍. ഡി. ടോമി, സരിതാ റാണി, സ്പെഷ്യല്‍ സ്‌ക്വാഡ് സി. ഇ. ഒമാരായ സി. കെ. വിമല്‍ കുമാര്‍, കെ. എ. മനോജ്, മേഘ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരേയും കോടതി റിമാന്റ് ചെയ്തു.
2023 November 30Keralanishanthathayude kaavalkkarMDMADrugsArrestedഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: ‘ Nishandhatayude kaavalkkar’ arrested with drugs worth Rs 15 lakh

By admin

Leave a Reply

Your email address will not be published. Required fields are marked *