ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഗുപ്തയ്ക്കെതിരായ നിയമനടപടികള്‍ അമേരിക്ക ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി വിഷയത്തില്‍ പ്രതികരിച്ചു. ”ഉഭയകക്ഷി സുരക്ഷയെക്കുറിച്ച് യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഞങ്ങള്‍ ഇതിനകം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സഹകരണം, സംഘടിത കുറ്റവാളികള്‍, തീവ്രവാദികള്‍ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട വിവരങ്ങളും യു എസുമായി പങ്കിട്ടു.’- ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെയും വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയും ഗൗരവമായി പരിഗണിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
ഈ വിഷയം സമഗ്രമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും ആഭ്യന്തര സുരക്ഷയ്ക്കും എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള ദൃഢനിശ്ചയം ഇന്ത്യയ്ക്ക് ഉണ്ടെന്നും പ്രസ്താവനയിലൂടെ പറഞ്ഞു. ‘വിഷയത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും പരിശോധിക്കാന്‍ നവംബര്‍ 18-ന് ഇന്ത്യാ ഗവണ്‍മെന്റ് ഒരു ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ആവശ്യമായ തുടര്‍നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കും’- ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പൗരനായ പന്നൂനെ കൊല്ലാന്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നും അത് പരാജയപ്പെട്ടെന്നും യുഎസ് നീതിന്യായ വകുപ്പിന്റെ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. 52 കാരനായ നിഖില്‍ ഗുപ്ത ഈ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തങ്ങളില്‍ സുരക്ഷയും രഹസ്യാന്വേഷണവും ഉള്‍പ്പെടുന്നുവെന്നും പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് മാന്‍ഹട്ടനിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
‘സിഖുകാര്‍ക്കായി പരമാധികാര രാഷ്ട്രം സ്ഥാപിക്കണമെന്ന് പരസ്യമായി വാദിച്ച ഇന്ത്യന്‍ വംശജനായ യുഎസ് പൗരനെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് കൊലപ്പെടുത്താന്‍ പ്രതി ഇന്ത്യയില്‍ നിന്ന് ഗൂഢാലോചന നടത്തി.’- ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടി ഹാജരായ യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് വാദിച്ചു.
കൊലപാതകം, വാടക കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ നേരിടുന്ന ഓരോരുത്തര്‍ക്കും പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെയും (ഡിഇഎ) എഫ്ബിഐയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് ഡിവിഷന്റെയും മറ്റ് ഏജന്‍സികളുടേയും സമയോചിതമായ ഇടപെടല്‍ ഗൂഢാലോചന പരാജയപ്പെടാന്‍ കാരണമായി. ഈ ശ്രമങ്ങളെ യുഎസ് അറ്റോര്‍ണി ഓഫീസ് അഭിനന്ദിച്ചു.
ഇന്ത്യയിലും മറ്റിടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനും, ഇന്ത്യന്‍ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനും നിഖില്‍ ഗുപ്തയും ചേര്‍ന്ന് പന്നൂനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവന ഇറക്കിയിരുന്നു. യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കൊലപാതകം നടത്തിയാല്‍ കൊലയാളിക്ക് 100,000 ഡോളര്‍ നല്‍കാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. ജൂണ്‍ ഒന്‍പതിന് 15,000 ഡോളര്‍ മുന്‍കൂറായി നല്‍കിയിരുന്നുവെന്നും യുഎസ് ആരോപിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍, കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി മാത്യു ജി ഓള്‍സെന്‍ പറഞ്ഞു. ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്
ജൂണ്‍ 19-ന് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ തുടരുന്ന നയതന്ത്ര തര്‍ക്കത്തിന് രണ്ട് മാസത്തിന് ശേഷമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ പുതിയ പ്രസ്താവന. നവംബര്‍ 20ന്, എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ആളുകള്‍ അപകടത്തിലാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ നല്‍കിയ പന്നൂനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തിരുന്നു. നവംബര്‍ 19ന് എയര്‍ ഇന്ത്യയെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ അവകാശപ്പെട്ടു. യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്നുമായിരുന്നു പന്നൂന്റെ ഭീഷണി.