2007-ൽ ഇറ്റലിയിലെ ഒരു നിയോലിത്തിക്ക് (Neolіthіc) ശവകുടീരത്തിൽ നിന്ന് ഒരു സംഘം പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു ജോടി മനുഷ്യ അസ്ഥികൂടങ്ങളാണ് “വാൽദാരോയുടെ പ്രണയികൾ”( “Lovers of Valdaro”)
പരസ്പരം കണ്ണുകളിലേക്ക് നോക്കുന്ന തരത്തിൽ ആലിംഗനബദ്ധരായി മരണപ്പെട്ട ആ കമിതാക്കളുടെ അസ്ഥികൂടങ്ങൾക്ക് 6000 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.
2007 ൽ ലോംബാർഡിയുടെ വടക്കൻ മേഖലയിലെ മാന്റുവയ്ക്ക് സമീപം വാൽദാരോ ഗ്രാമത്തിൽ എലീന മരിയ മെനോട്ടിയുടെ (Elena Maria Menotti ) നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം ഖനനം നടത്തിയപ്പോഴാണ് ആറ്  സഹസ്രാബ്ധങ്ങളായി പരസ്പരാലിംഗനത്തിൽ മണ്ണിനടിയിലമർന്ന ഈ പ്രണയ ജോഡികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. മരിക്കുമ്പോൾ ആണിനും പെണ്ണിനും 20 വയസ്സിനടുത്ത പ്രായമുണ്ടായിരുന്നു എന്നാണ് അനുമാനം.

“ഈ പ്രേമികളെ” മണ്ണിനടിയിൽ കണ്ടെത്തിയപ്പോൾ, അവരുടെ ആലിംഗനത്തിന്റെ ഫോട്ടോകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചു, പ്രത്യേകിച്ചും വാലന്റൈൻസ് ദിനത്തിനടുത്താണ് ഇരട്ടക്കല്ലറയിൽ ഈ കണ്ടെത്തൽ നടന്നത്.
ഈ യുവ ദമ്പതികൾ എങ്ങനെയാണ് മരിച്ചത്?
ഇരുവരും എങ്ങനെ മരിച്ചുവെന്ന് ചരിത്രകാരന്മാർക്ക് നിർണ്ണയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല, ഈ അസ്ഥികൂടങ്ങളുടെ കണ്ടെത്തലിൽ ഷേക്സ്പിയറുടെ റോമിയോ ജൂലിയറ്റ് പ്രണയകഥയാണ് ആദ്യം മനസ്സിലോടിയെത്തുക.
എന്നാൽ അവർ പരസ്പരം ആക്രമിച്ചു മരണപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും അസ്ഥികൂടങ്ങൾക്ക് ഇല്ലെന്നാണ് ഗവേഷകൻ Elena Maria Menotti പറയുന്നത്.
അമ്മമാർ കുട്ടികളെ മാറോടണച്ചുകിടക്കുന്ന അസ്ഥികൂടങ്ങൾ ഉള്ള കല്ലറകൾ അനേകം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ കമിതാക്കൾ പരസ്പരം ആലിംഗനം ചെയ്തുകിടക്കുന്നത് തീർത്തും അപൂർവ്വമായ ഒരു കണ്ടെത്തലാണെന്നും അദ്ദേഹം പറഞ്ഞു. അവർ ശരിക്കും കെട്ടിപ്പിടിച്ചു കിടക്കുകയാണ്.അതേ അവസ്ഥയിലാകാം അവർ മരണപ്പെട്ടതും.

അതിൽ പുരുഷന്റെ നട്ടെല്ലിൽ ഒരു അമ്പു തറച്ചപാടും സ്ത്രീയുടെ വശത്ത് മറ്റൊരു അമ്പുകൊണ്ട പാടുമു ണ്ട്. ഒരുപക്ഷേ അവരുടെ മരണത്തിലെ ദുരൂഹത ഒരിക്കലും വെളിപ്പെട്ടെന്ന് വരില്ല. എന്നാൽ അവരെക്കാ ണാൻ ലോകമെമ്പാടുമുള്ള ആളുകൾ ഇറ്റലിയിലേക്ക് ഇപ്പോഴും വരുകയാണ്.
2011 സെപ്റ്റംബറിൽ മാന്റുവയിലെ പുരാവസ്തു മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ ആദ്യമായി ആ അസ്ഥികൂടങ്ങൾ പൊതുസ്ഥലത്ത് ഹ്രസ്വമായി പ്രദർശിപ്പിച്ചു. എന്നാൽ “ലവേഴ്‌സ് ഇൻ മാന്റുവ” എന്ന സംഘടന  അവർക്ക് സ്വന്തമായി ഒരു സ്ഥലം സജ്ജമാക്കണമെന്ന ആവശ്യവുമായി നടത്തിയ കാമ്പെയിന്റെ ഒടുവിൽ  മാന്റുവയിലെ പുരാവസ്തു മ്യൂസിയത്തിൽ ആ ഇരട്ട അസ്ഥികൂടങ്ങൾ അനശ്വര പ്രണയത്തിന്റെ പ്രതീകമെന്ന നിലയിൽ സ്ഥിരമായി പ്രദർശിപ്പിച്ചിരിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *