ഡ‍ല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനല്‍ എന്നാണ് 5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നത്. അങ്ങനെയല്ലെങ്കിലും അതൊരു പൊതു ധാരണയാണ്.
ബിജെപി ഈ നിയമസഭാ തെരഞ്ഞെടുപ്പുകളെ അതേ ആശങ്കയോടെയാണ് സമീപിച്ചതെന്നും വ്യക്തം. കോണ്‍ഗ്രസിനും അവര്‍ നയിക്കുന്ന ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിനും വലിയ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പുകള്‍.
ഏറ്റവും പ്രധാനം കോണ്‍ഗ്രസിന് സഖ്യങ്ങളില്ലാതെ ഒറ്റയ്ക്ക് അധികാരത്തില്‍ വരാവുന്ന സംസ്ഥാനങ്ങളാണ് 5 -ല്‍ നാലും. അതില്‍ മൂന്നിടത്തും കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേരാണ് ഏറ്റുമുട്ടല്‍; രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്ഘട്ടിലും.

അഞ്ചില്‍ മൂന്നിടത്ത് അധികാരത്തിലെത്താനായാല്‍ കോണ്‍ഗ്രസിനും ‘ഇന്ത്യ’ സഖ്യത്തിനും അത് വലിയ പ്രതീക്ഷയാണ്. ബിജെപിയെ സംബന്ധിച്ച് ‘ഇന്ത്യ’ സഖ്യം വെല്ലുവിളി ആയി മാറുകയും ചെയ്യും.

ചത്തിസ്ഘട്ടും തെലുങ്കാനയും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ ഭൂരിപക്ഷം വിലയിരുത്തല്‍. മൂന്നാമത്തെ സാധ്യത രാജസ്ഥാനിലാണ്. അപ്പോഴും കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന മധ്യപ്രദേശ് എല്ലാ എക്സിറ്റ് പോളുകളിലും ബഹുദൂരം പിന്നിലത്രെ.
പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജസ്ഥാനും ചത്തിസ്ഘട്ടും നിലനിര്‍ത്തുകയും തെലുങ്കാന പിടിച്ചെടുക്കുകയും ചെയ്താല്‍ അത് വലിയ നേട്ടം തന്നെയാണ്. ഭരിച്ച രണ്ട് സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ തരംഗം കൂടാതെ പിടിച്ചു നില്‍ക്കുകയും മൂന്നു മാസം മുമ്പുവരെ കോണ്‍ഗ്രസ് ചിത്രത്തില്‍പോലും ഇല്ലാതിരുന്ന തെലുങ്കാന തിരിച്ചുപിടിക്കുകയും ചെയ്താല്‍ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കും എന്നതാണ് പ്രധാനം.

അതിനുമപ്പുറം ദേശീയ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കോണ്‍ഗ്രസ് വീണ്ടും കടന്നുവരികയും ചെയ്യും. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ സ്വപ്നങ്ങളെ വേരോടെ പിഴുതെറിയാന്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും വിജയിക്കാനായാല്‍ കോണ്‍ഗ്രസിന് കഴിയും.

അതില്‍തന്നെ തെലുങ്കാന തിരിച്ചുപിടിച്ചാല്‍ അതിനു തിളക്കം വര്‍ധിക്കും. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനുള്ള മധുര പ്രതികാരം കൂടിയായി അത് മാറും.
രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍ഗ്രസിനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം റാവു നേടിയെടുത്തത്. തൊട്ടുപിന്നാലെ റാവു കോണ്‍ഗ്രസിനെ പുറംകാലുകൊണ്ട് ചവിട്ടുകയും ചെയ്തു.
അതേ തെലുങ്കാനയില്‍ റാവുവിനെ മൂലയ്ക്കിരുത്തി ഭരണം പിടിക്കാനായാല്‍ അത് കോണ്‍ഗ്രസിന് അഭിമാനം തന്നെയാണ്. കര്‍ണാടകയ്ക്കു പുറമെ തൊട്ട് അയല്‍ സംസ്ഥാനവും ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുകയെന്നതും നേട്ടം തന്നെ.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed