ഡെറാഡൂണ്‍: കൈവശമുണ്ടായിരുന്ന അവലും പാറയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളവും കുടിച്ചാണ് ആദ്യത്തെ പത്തു ദിവസം കഴിഞ്ഞതെന്ന് സില്‍ക്യാര ടണലില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളി. ഝാര്‍ഖണ്ഡ് സ്വദേശിയായ 22 കാരന്‍ അനില്‍ ബേഡിയയാണ് ടണലിനുള്ളില്‍ കഴിഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. 
ടണല്‍ തകര്‍ന്നതോടെ മരണം അടുത്തെത്തിയതായാണ് തോന്നിയത്. ഉച്ചത്തിലുള്ള നിലവിളികളാണ് കേട്ടത്. ഞങ്ങളെല്ലാവരും തുരങ്കത്തിനുള്ളില്‍ തന്നെ കുഴിച്ചു മൂടപ്പെടുമെന്ന് കരുതി. ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു എന്നും അനില്‍ ബേഡിയ പറയുന്നു. 
ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കുടിക്കുകയാണ് ചെയ്തിരുന്നത്. വിധി എന്താണ് തങ്ങള്‍ക്ക് തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 
രണ്ട് സൂപ്പര്‍വൈസര്‍മാരാണ് പാറകളിലൂടെ ഒഴുകുന്ന വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് തുരങ്കത്തിനുള്ളില്‍ പരസ്പരം ആശ്വാസം പകരുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഏകദേശം 70 മണിക്കൂറിന് ശേഷം അധികൃതര്‍ ഞങ്ങളുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ അതിജീവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യ പ്രതീക്ഷ ജ്വലിച്ചു,’ ബേഡിയ വിവരിച്ചു.
ഒടുവില്‍, പുറത്ത് നിന്ന് ഞങ്ങളുമായി ആശയവിനിമയം നടത്തുന്ന ആളുകളുടെ ശബ്ദം കേട്ടപ്പോള്‍, ഉറച്ച വിശ്വാസവും അതിജീവനത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഞങ്ങളുടെ നിരാശയെ മാറ്റി.
കഠിനമായ ഉത്കണ്ഠയുടെ ആദ്യ 10 ദിവസങ്ങള്‍ക്ക് ശേഷം, വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സപ്ലൈകള്‍, ചോറ്, പരിപ്പ്, ചപ്പാത്തി തുടങ്ങിയ ചൂടുള്ള ഭക്ഷണങ്ങളും വെള്ളക്കുപ്പികളും ലഭിച്ചിരുന്നു. ബേഡിയ പറഞ്ഞു.
ഝാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഖിരാബേഡ ഗ്രാമവാസിയാണ് അനില്‍ ബേഡിയ. നവംബര്‍ ഒന്നിന് ഗ്രാമത്തില്‍ നിന്നും 13 പേരാണ് ഉത്തരകാശിയില്‍ ജോലി തേടി പോയത്. തുരങ്കം തകര്‍ന്നപ്പോള്‍ ഖിരാബേഡയില്‍ നിന്നുള്ള മൂന്നുപേരാണ് ടണലില്‍ കുടുങ്ങിയപ്പോയതെന്നും അനില്‍ ബേഡിയ പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *