തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കോളജിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല.
കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം കേരള സർവകലാശാല റദ്ദാക്കി. നിഖിൽ തോമസിന്റെ പ്രവേശനത്തിന് സഹായിച്ച ആറ് അധ്യാപകർക്കെതിരെയും നടപടിയെടുക്കാനും നിർദേശം നൽകി.
സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കോളജിന് ഗുരുതര വീഴ്ച ഉണ്ടായെന്നും സർവകലാശാല ആരോപിച്ചു.
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം നേടിയത്. തട്ടിപ്പിൽ ജൂൺ 23ന് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.