നടന്‍ വിജയകാന്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയിലുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികള്‍ തുടരുകയാണെന്നും പതിനാല് ദിവസം കൂടി എങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നവംബര്‍ 20നാണ് വിജയകാന്തിനെ ആശുപത്പിയില്‍ പ്രവേശിപ്പിക്കുന്നത്. താരം വേഗം സുഖം പ്രാപിക്കുമെന്നും ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.
‘ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമല്ല. ശ്വാസകോശ സംബന്ധമായ ചികിത്സ അനിവാര്യമാണ്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി 14 ദിവസം കൂടി ആശുപത്രിയില്‍ തുടരുന്നതാണ്’ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിജയ്കാന്ത്. 2016ന് ശേഷം തിരഞ്ഞെടുപ്പ് രംഗത്തും സജീവമായിരുന്നില്ല. തമിഴ് സിനിമയില്‍ മിന്നി നില്‍ക്കുമ്പോഴാണ് 2005ല്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഇറങ്ങിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ 8.4 ശതമാനം വോട്ടും നേടിയിരുന്നു.