മലയാള സിനിമാസ്വാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ചിത്രം. വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അവസാന ഘട്ട പണിപ്പുരയിലാണ്. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേഷനുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് വമ്പന്‍ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ റിലീസ് തീയതി ഈ മാസം 30ന് നാല് മണിക്ക് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒരു വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. പ്രതീക്ഷയെ പുനര്‍നിര്‍വചിക്കുന്നു എന്നാണ് റിലീസ് തീയതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
2018 മാര്‍ച്ചില്‍ കേരളത്തില്‍ വെച്ചാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. 2019ല്‍ സംഘം ജോര്‍ദാനില്‍ എത്തി. 2020 മാര്‍ച്ച് വരെ അവിടെ തന്നെ ആയിരുന്നു. അന്ന് കോവിഡ് മഹാമാരി കാരണം സിനിമാ ടീം ജോര്‍ദാനില്‍ കുടുങ്ങിയ വാര്‍ത്ത പുറത്തുവന്നിരുന്നു. 2022 ഏപ്രിലില്‍ അല്‍ജീരിയയിലും 2022 മെയില്‍ വീണ്ടും ജോര്‍ദ്ദാനില്‍ തന്നെ ഷൂട്ടിംഗ് നടന്നു. ശേഷം 2022 ജൂലൈയില്‍ ആടുജീവിതത്തിന് പാക്കപ്പ് പറയുക ആയിരുന്നു. ഇക്കാര്യങ്ങളെല്ലാം പൃഥ്വി ഇപ്പോള്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.്
പാന്‍ ഇന്ത്യന്‍ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ലുക്ക് കാണാന്‍ ആരാധകരും ആവേശത്തിലാണ്. ഈ വര്‍ഷം ആദ്യം ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഒരു വെബ്സൈറ്റിലൂടെ ചോര്‍ന്നത് അണിയറപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പിന്നീട് സംവിധായകന്‍ വിശദീകരിച്ചിരുന്നു. ശേഷം ട്രെയിലര്‍ എന്ന രീതിയില്‍ത്തന്നെ ഈ ദൃശ്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു.