സിനിമകളിലേയും സീരിയലുകളിലെയും വിവേചനത്തെപ്പറ്റി തുറന്നുപറയുന്ന സിനിമാസീരിയല്‍ താരം ഗായത്രി വര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സിനിമ സീരിയല്‍ പോലെയുള്ള കലകള്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണെന്നും ഇതൊക്കെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നുമുള്ള രൂക്ഷ വിമര്‍ശനമാണ് ഗായത്രി ഉന്നയിക്കുന്നത്. നാല്‍പതോളം എന്റര്‍ടെയ്ന്‍മെന്റ് ചാനലുകള്‍ ഉള്ള കേരളത്തില്‍ ദളിതന്റെയോ മുസ്ലിമിന്റെയോ അവഗണന അനുഭവിക്കുന്ന ജനവിഭാഗത്തിന്റെയോ കഥ പറയാറില്ലെന്നും സവര്‍ണ മേധാവിത്വമാണ് എവിടെയുമെന്നും ഗായത്രി പറയുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോര്‍പ്പറേറ്റ് ലോകത്തിനു മുന്നില്‍ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കുകയും ചെയ്യുന്നുവെന്നും നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗായത്രി വര്‍ഷയുടെ പറയുന്നു.
ഗായത്രി വര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
”എല്ലാവരും പ്രൊപഗാണ്ടകള്‍ ഇറക്കുമ്പോള്‍ സത്യം പറയുന്നവന്റെ കൂടെ നില്‍ക്കാന്‍ ഒരു മാധ്യമം പോലും ഇല്ല. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഏറ്റവും മൂര്‍ത്തമായ കോര്‍പ്പറേറ്റ് സ്വഭാവങ്ങളുടെ കഴുകാന്‍ കാലുകളിലെ നഖങ്ങള്‍ നമ്മുടെ സാംസ്‌കാരിക ഇടങ്ങളിലേക്ക് ആഴത്തില്‍ പോയിട്ട് നമ്മളെ കൊത്തിവലിച്ച് എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ച് നമ്മുടെ തൊണ്ടയ്ക്ക് ശബ്ദമില്ലാതാക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്രമോദി രണ്ടാമത് അധികാരത്തില്‍ ഏറിയതിനു ശേഷം ഒരു സാംസ്‌കാരിക നയം നടപ്പാക്കി കഴിഞ്ഞു. ഒരാളും അത് അറിഞ്ഞിട്ടില്ല. ഒരു ദിവസം 35ഓളം സീരിയലുകള്‍ കാണിക്കുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, അവര്‍ നമ്മളെ കാണിക്കുന്നു എന്നാണ്.
ആറ് മണി മുതല്‍ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ഇതിനകത്ത് ഏതെങ്കിലും സീരിയലില്‍ ഒരു മുസ്ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു പള്ളീലച്ചനുണ്ടോ? ഒരു ദലിതനുണ്ടോ? മാറ് മുറിച്ച് എന്റെ നഗ്‌നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള്‍ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനില്‍ നമ്മള്‍ കാണുന്നുണ്ടോ?. ഇല്ല. എന്തുകൊണ്ടാണത്? അവരാരും കാണാന്‍ കൊള്ളില്ലേ? എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളര്‍ന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാല്‍ സൂര്യ എന്ന് ഞാന്‍ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. നല്ല ആര്‍ജവമുള്ള പെണ്ണായിരുന്നില്ലേ അവള്‍. അങ്ങനൊരു നായികയെ നിങ്ങള്‍ ഏതെങ്കിലും സീരിയയില്‍ കാണുന്നുണ്ടോ? സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊന്നുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്. പൊട്ട് തൊടുവിച്ച് പട്ടുസാരി ഉടുപ്പിച്ച് സിന്ദൂരക്കുറിയണിയിച്ച് ആണ് അവളെ ഇറക്കുന്നത്. ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല.
ഒരു ട്രയാങ്കിള്‍ ആണ് എല്ലാം തീരുമാനിക്കുന്നത്. നമ്മള്‍ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികള്‍ക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോര്‍പ്പറേറ്റുകള്‍. ഇതില്‍ രണ്ടോ മൂന്നോ കോര്‍പ്പറേറ്റുകള്‍ കാര്യങ്ങള്‍ തീരുമാനിക്കും. റിലയന്‍സ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും. വേണമെങ്കിലും ടാറ്റയും തീരുമാനിക്കും. അതാണ് ത്രികോണത്തിന്റെ ഒരു കോണ്‍. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവര്‍ണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തില്‍ നമ്മുടെ പല ചാനലും കാണും. അങ്ങനെ ബാക്കിയുള്ള ചാനലുകളിലും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോര്‍പ്പറേറ്റാണ് ചാനലുകള്‍ക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണര്‍ഷിപ്പിലൂടെ അവര്‍ ചാനലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും.
ഗവണ്‍മെന്റിന്റെ ഗ്യാരന്റിയിലാണ് കോര്‍പ്പറേറ്റുകള്‍ പൈസ നല്‍കുന്നത്. ഗവണ്‍മെന്റ് കോര്‍പ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോര്‍പ്പറേറ്റ് ലോകത്തിനു മുന്നില്‍ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കുകയും ചെയ്യുന്നു. എന്ത് കാണിക്കണം ടിവിയില്‍ എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോര്‍പ്പറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും പാട്ടുകളും കാണിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. പ്രൊപഗണ്ട വാര്‍ത്തകള്‍ മാത്രമേ കാണിക്കാന്‍ പാടുള്ളൂ എന്നതാണ് മറ്റൊന്ന്. അമേരിക്കയെന്ന ലോക ബോംബിന് വേണ്ടി, ലോക ആയുധ കച്ചവടത്തിന് വേണ്ടി ഇന്ത്യ കൂട്ടുനില്‍ക്കുകയാണെന്ന് പറയുന്ന ഏതെങ്കിലുമൊരു ചാനലിനെ നമ്മളിവിടെ കണ്ടോ?
അതൊന്നും പറയാതെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ തെറ്റുകാരനല്ലാതെ ജയിലില്‍ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോള്‍ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ഒറ്റ വാഹനത്തില്‍ പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങള്‍ക്ക് പ്രൊപഗാണ്ട യാത്രയാണ്. ഇത്തരം വാര്‍ത്തകള്‍ കാണിച്ചാല്‍ അതിന്റെ പ്രതിഫലം കോര്‍പറേറ്റുകള്‍ തരും. അപ്പൊ ഈ ട്രയാങ്കിള്‍ ആരാണ് വരക്കുന്നത്. അത് കേന്ദ്ര ഗവണ്മെന്റും കോര്‍പ്പറേറ്റുകളും കൂടിയാണ്.” ഗായത്രി വര്‍ഷ പറയുന്നു
Cinema
Current Politics
Entertainment news
കേരളം
ദേശീയം
പൊളിറ്റിക്സ്
മലയാള സിനിമ
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത