ജക്കാര്‍ത്ത – അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ജര്‍മനിയും ഫ്രാന്‍സും ഏറ്റുമുട്ടും. ജര്‍മനി ഷൂട്ടൗട്ടില്‍ 4-2 ന് അര്‍ജന്റീനയെ തോല്‍പിച്ചു. നേരത്തെ ഇഞ്ചുറി ടൈം ഗോളില്‍ അര്‍ജന്റീന 3-3 സമനില നേടിയിരുന്നു. മുക്കാല്‍ മണിക്കൂറോളം പത്തു പേരുമായിക്കളിച്ച മാലിയെ 2-1 ന് തോല്‍പിച്ച് ഫ്രാന്‍സും ഫൈനലിലെത്തി. ആദ്യ പകുതിയില്‍ ഇബ്രാഹിം ദിയാറയുടെ ഗോളില്‍ മാലി മുന്നിലായിരുന്നു. എന്നാല്‍ അമ്പത്തഞ്ചാം മിനിറ്റില്‍ സുലൈമാന്‍ സനോഗൊ ചുവപ്പ് കാര്‍ഡ് കണ്ട ശേഷം ഫ്രാന്‍സ് മേധാവിത്തം നേടി. അമ്പത്താറാം മിനിറ്റില്‍ യവാന്‍ ടിറ്റിയും 69ാം മിനിറ്റില്‍ ഇസ്മായില്‍ ബൂനബും സ്‌കോര്‍ ചെയ്തു. 
ജര്‍മനി-അര്‍ജന്റീന മത്സരം ആവേശകരമായിരുന്നു. ഒമ്പതാം മിനിറ്റില്‍ പാരിസ് ബ്രണ്ണറിലൂടെ ജര്‍മനി ലീഡ് നേടിയെങ്കിലും അഗസ്റ്റിന്‍ റോബര്‍ടോയുടെ ഇരട്ട ഗോളില്‍ (36, 45 മിനിറ്റുകളില്‍) അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ ഇടവേളക്കു ശേഷം ജര്‍മനി കരുത്തു കാട്ടി. പാരിസ് ബ്രണ്ണര്‍ (58) ടീമിന് സമനില നല്‍കി. മാക്‌സ് മോര്‍സ്‌റ്റെറ്റിലൂടെ (69) ജര്‍മനി മുന്നിലെത്തുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റല്‍ അഗസ്റ്റിന്‍ റോബര്‍ടോയുടെ ഹാട്രിക്കിലാണ് അര്‍ജന്റീന കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ആദ്യ കിക്കുകളെടുത്ത ഫ്രാങ്കൊ മാസ്റ്റന്റ്ൂനോക്കും ക്ലോഡിയൊ എച്ചേവറിക്കും പിഴച്ചു. രണ്ട് ഷോട്ടും ജര്‍മന്‍ ഗോളി കോണ്‍സ്റ്റന്റീന്‍ ഹെയ്‌ദെ രക്ഷപ്പെടുത്തി. ജര്‍മനിയുടെ മൂന്നാം കിക്കെടുത്ത ഫിന്‍ ജെല്‍ഷിന്റെ ഷോട്ട് അര്‍ജന്റീന ഗോളി ഫ്രാങ്കൊ വിലാല്‍ബ രക്ഷപ്പെടുത്തി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം കിക്ക് ബ്രണ്ണര്‍ ലക്ഷ്യത്തിലെത്തിച്ചു.
2023 November 28Kalikkalamtitle_en: FIFA U-17 World Cup semifinal – France vs Mali

By admin

Leave a Reply

Your email address will not be published. Required fields are marked *