പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഉപയോഗിക്കുന്ന അരിയും മസാലകളും കാരണം കലോറിയും കൂടുതലായിരിക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും.
രാത്രിയിൽ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർത്താൻ ഇടവരുത്തും. ഉറക്കക്കുറവിനും കാരണമാകും. രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.
രാത്രിയിൽ പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. പാസ്തയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് കൊഴുപ്പായി മാറി അത് അമിതവണ്ണത്തിനും കൊളസ്ട്രോൾ വർദ്ധിക്കുന്നതിനും കാരണമാകും. രാത്രിയിൽ നൂഡിൽസ് പോലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.
കഫീൻ ധാരാളം അടങ്ങിയ ഡാർക് ചോക്ലേറ്റുകൾ രാത്രിയിൽ കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാർക് ചോക്ലേറ്റുകൾ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും.