കൊച്ചി- ദത്തുപുത്രിയെ തിരിച്ചേൽപിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിൽ പെൺകുട്ടിക്ക് മാനസിക പിന്തുണ ലഭിക്കുന്നത് ഉറപ്പാക്കാനുള്ള നടപടികൾ റിപ്പോർട്ടായി നിർദേശിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. ലുധിയാനയിലെ ഒരു ആശ്രമത്തിൽ നിന്ന് ദത്തെടുത്ത പെൺകുട്ടി തങ്ങളുമായി ചേർന്നു പോകുന്നില്ലെന്നും ഈ കുട്ടിയെ ദത്തെടുത്ത നടപടി റദ്ദാക്കണമെന്നും തിരിച്ചേൽപ്പിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ജന്മം നൽകിയവർ ഉപേക്ഷിച്ച പെൺകുട്ടിയെ ഇപ്പോൾ ദത്തെടുത്തവരും ഉപേക്ഷിക്കുന്ന സാഹചര്യം വല്ലാത്തൊരു അവസ്ഥയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. നേരത്തെ ഹരജിയിൽ അഡ്വ. പാർവതി മേനോനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചിരുന്നു. കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഒറ്റപ്പെട്ടുപോയതിന്റെ നിസ്സഹായാവസ്ഥയിലാണ് പെൺകുട്ടിയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി.
പെൺകുട്ടി സ്‌കൂളിലും കോളജിലും പോയി പഠിക്കണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും പ്ലസ് ടുവിന് ഓപ്പൺ സ്‌കൂളിൽ പ്രവേശനം നേടുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. പെൺകുട്ടിയുടെ ക്ഷേമത്തിനായി സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കാൻ കോടതി അമിക്കസ് ക്യൂറിക്കു നിർദേശം നൽകി.
സിംഗിൾ ബെഞ്ച് ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കാറപകടത്തിൽ മകൻ മരിച്ചതിനെ തുടർന്നാണ് ഹരജിക്കാർ പഞ്ചാബിൽനിന്ന് പെൺകുട്ടിയെ ദത്തെടുത്തത്. എന്നാൽ തങ്ങളെ രക്ഷിതാക്കളായി പെൺകുട്ടിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാൻ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ദത്തെടുക്കൽ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്.
2023 November 28Keralatitle_en: Seeking permission to reinstate adopted daughter in High Court