ഇലക്കറികള്‍ പൊതുവെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാരാളം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പതിവായിത്തന്നെ ആവശ്യമായി വരുന്ന പല ഘടകങ്ങളും നമുക്ക് എളുപ്പത്തില്‍ ഇലക്കറികളിലൂടെ ലഭിക്കും. ഇതിനാലാണ് ഇലക്കറികള്‍ ഡയറ്റില്‍ നിന്നൊഴിവാക്കരുതെന്ന് പറയുന്നത്. 
ഇലക്കറികളില്‍ തന്നെ ഒരുപാട് പോഷകങ്ങളാല്‍ സമ്പന്നമായതാണ് ചീര. നമ്മുടെ നാട്ടിലെല്ലാം പ്രധാനമായും രണ്ട് ചീരയാണ് ഏറെയും കാണാറ്.  പച്ച ചീരയും ചുവന്ന ചീരയും. ഇതില്‍ തന്നെ അധികപേര്‍ക്കും ഇഷ്ടം പച്ച ചീരയാണ്. എന്നാല്‍ ചുവന്ന ചീരയും ഗുണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നതാണ് സത്യം. എന്താണ് ചുവന്ന ചീരയുടെ ഗുണങ്ങള്‍. 
പല ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും അകറ്റുന്നതിന് നമ്മുടെ രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്നൊരു ഭക്ഷണമാണ് ചുവന്ന ചീര. വൈറ്റമിൻ -സി കാര്യമായി അടങ്ങിയിട്ടുള്ളൊരു ഭക്ഷണമാണ് ചുവന്ന ചീര. വൈറ്റമിൻ -സി, നമുക്കറിയാം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഒരുപാട് സഹായിക്കുന്നൊരു ഘടകമാണ്. 
ദഹനപ്രശ്നങ്ങളകറ്റി ദഹനം സുഗമമാക്കാനും സഹായിക്കുന്നൊരു വിഭവമാണ് ചുവന്ന ചീര. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ദഹനം എളുപ്പത്തിലാക്കാൻ ഉപകരിക്കുന്നത്. ഇതിലൂടെ മലബന്ധം, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകള്‍ക്കും ആശ്വാസം ലഭിക്കും.കണ്ണുകളുടെ ആരോഗ്യത്തിനും ചീര നല്ലതാണെന്ന് പറയുന്നത് നിങ്ങളെല്ലാം കേട്ടിരിക്കും. ഇത് പച്ച ചീര മാത്രമാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ചുവന്ന ചീരയും ഒരുപോലെ കാഴ്ചാശക്തിയും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ഉപകാരപ്രദമാണ്. 
രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നൊരു വിഭവമാണ് ചുവന്ന ചീര. ഇതിലൂടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചര്‍മ്മം കുറെക്കൂടി വൃത്തിയും ഭംഗിയുള്ളതുമാവുകയും ചെയ്യുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കുന്നതിനും ചുവന്ന ചീര സഹായിക്കുന്നു. ചുവന്ന ചീരയിലുള്ള അയേണ്‍ ആണിതിന് സഹായിക്കുന്നത്. ഹീമോഗ്ലോബിൻ കുറയുന്നത് മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളും പ്രയാസങ്ങളും നേരിടാം. ഇത് പരിഹരിക്കാൻ ഭക്ഷണത്തിലൂടെ തന്നെയാണ് പ്രധാനമായും ശ്രമിക്കുക. അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും ചുവന്ന ചീര ഡയറ്റിലുള്‍പ്പെടുത്തണം.

By admin

Leave a Reply

Your email address will not be published. Required fields are marked *