തകർന്നത് ഒക്ടോബർ ഒന്നിന് ഉദ്ഘാടനം ചെയ്ത ബ്രിഡ്ജ് 

ചാവക്കാട്- ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകർന്നു. ബ്രിഡ്ജിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിന്റെ ഭാഗം പിന്നീട് കരക്ക് കയറ്റി. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചിൽ ടൂറിസം കുതിപ്പെന്ന പേരിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജാണ് തകർന്നത്. ഒക്ടോബർ ഒന്നിനാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട്ട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ്  ഒരുക്കിയത്. ഒരേ സമയം നൂറ് പേർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാവുന്ന രീതിയിലായിരുന്നു നിർമാണം.
നൂറു മീറ്റർ നീളത്തിലുള്ള ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ കമ്പനി ഇത് നിർമിച്ചതെന്നാണ് പറയുന്നത്. ബ്രിഡ്ജിലേക്ക് പ്രവേശിക്കാൻ ഒരാൾക്ക് 120 രൂപയാണ് ഈടാക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെട്ടത്. ഈ സമയം സഞ്ചാരികൾ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അവധി ദിവസമല്ലാത്തതിനാൽ സന്ദർശകരുടെ തിരക്ക് കുറഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ശക്തമായ തിരയടിച്ചതിനാൽ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിന്റെ ഭാഗം വേർപ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ ചാവക്കാട് (ബിബിസി) എന്ന സ്വകാര്യ കമ്പനിയെത്തി ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജിന്റെ ഓരോഭാഗങ്ങളും കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. കമ്പമിട്ട് വലിച്ചും ടാക്ട്രർ ഉപയോഗിച്ചുമാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്. അതേസമയം ശക്തമായ തിരയടിച്ചപ്പോൾ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് കയറ്റിവെക്കുകയായിരുന്നുവെന്ന് നടത്തിപ്പുകാരായ ചാവക്കാട് (ബിബിസി) അംഗങ്ങൾ പറഞ്ഞത്.
2023 November 28Keralatitle_en: Chavakkad floating bridge collapsed; Those on the bridge miraculously escaped

By admin

Leave a Reply

Your email address will not be published. Required fields are marked *