കൊല്ലം: ഓയൂരില്‍ നിന്ന് ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയതും മോചനദ്രവ്യം അവശ്യപ്പെട്ടതും മിനിറ്റുകള്‍ക്കകമാണ് നാടുമുഴുവന്‍ വാര്‍ത്ത ആയതും ജനശ്രദ്ധ അതിലേയ്ക്ക് തിരിഞ്ഞതും. ലോക മലയാളി സമൂഹം ഒന്നടങ്കം അബിഗേല്‍ എന്ന പൊന്നോമനയ്ക്കായി കാത്തിരുപ്പ് തുടങ്ങിയതോടെ പെട്ടുപോയത് ശരിക്കും തട്ടിക്കൊണ്ടുപോയവര്‍ തന്നെയാണ്.
എങ്ങനെയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചു തടി രക്ഷിച്ചാല്‍ മതി എന്ന അവസ്ഥയിലാവുകയായിരുന്നു പ്രതികള്‍. അങ്ങനെയാണ് ഇരുപതാം മണിക്കൂറില്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞത്.
അതിനിടെ കുട്ടിയെ കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ടിങ്ങിനെടെ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ അനൗചിത്യവും, നാടുമുഴുവന്‍ പോലീസ് അരിച്ചുപെറുക്കുന്നതിനിടെ ആശ്രാമം മൈതാനത്ത് വരെ കുട്ടിയെയുമായി കാറിലെത്തി ഉപേക്ഷിച്ചു മടങ്ങിയിട്ടും പ്രതികളെ പിടികൂടാനാകാതെ പോയ പോലീസിന്‍റെ പിടിപ്പുകേടും വിമര്‍ശന വിധേയമായി.
ആദ്യം മാധ്യമ പ്രവര്‍ത്തകരുടെ കാര്യം. കുട്ടിയുടെ വീടിനകത്ത് അവരുടെ മാതാവിനു വന്ന പ്രതികളുടെ ഫോണ്‍കോള്‍ പോലും കേള്‍ക്കാനാകാത്ത വിധം റിപ്പോര്‍ട്ടര്‍മാര്‍ കയറി ‘കലപില’ ഉണ്ടാക്കിയതും വീടിനകത്തെ അനൗചിത്യപരമായ പെരുമാറ്റവും ആദ്യം റിപ്പോര്‍ട്ടു പുറത്തുവിടാനുള്ള വ്യഗ്രതയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളുമെല്ലാം തെറ്റുതന്നെ. ഇനിയാണെങ്കിലും ഇത്തരം സംഭവങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണം.
തിങ്കളാഴ്ച മലയാള ഭാഷയില്‍ നവമാധ്യമങ്ങളില്‍ ഇടപെടുന്ന മുഴുവന്‍ എഴുത്തുകാരും കുട്ടിയ കാണാതായ സംഭവത്തേക്കാള്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ‘സാമൂഹ്യ പ്രതിബദ്ധത’യും മിടുക്കും വെളിപ്പെടുത്താനാണ് ശ്രമിച്ചത്. തിങ്കളാഴ്ചയിലെ ‘വൈറല്‍’ മാധ്യമവിമര്‍ശനമായിരുന്നു.
എന്നാല്‍, അതൊക്കെ സമ്മതിക്കുമ്പോഴും ഇവരാരും കാണാതെപോയ ഒരു കാര്യമുണ്ട്; അതാണ് ആ കുഞ്ഞിന്‍റെ സുരക്ഷിത മോചനത്തിന് കാരണമായതും – മാധ്യമജാഗ്രത ഒന്നുമാത്രം. പോലീസ് നാടുമുഴുവന്‍ അരിച്ചുപെറുക്കിയിട്ടും അവരുടെ മൂക്കിനു താഴെക്കൂടി കുട്ടിയുമായി പ്രതികള്‍ തലങ്ങും വിലങ്ങും പാഞ്ഞു എന്നത് നിഷേധിക്കാനാകില്ല. അപ്പോള്‍ പോലീസ് ജാഗ്രതകൊണ്ട് കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷ അസ്ഥാനത്താണ്.
രക്ഷയായത് മാധ്യമജാഗ്രത തന്നെയായിരുന്നു. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ നാടുമുഴുവന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുട്ടിയുടെ ചിത്രവും അടയാളങ്ങളും സഹിതം മുഴുവന്‍ മാധ്യമങ്ങളും മുഴുനീള വാര്‍ത്തകള്‍ നല്‍കിയതോടെ ജനശ്രദ്ധ ഈ ഒരു വിഷയത്തിലേയ്ക്ക് മാത്രം തിരിഞ്ഞു.
കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ വരെ ജനങ്ങളുടെ പൊതു നിരീക്ഷണത്തിന് വിധേയരായി. ഇതോടെയാണ് ഈ ആറുവയസുകാരിയുമായി പ്രതികള്‍ക്ക് എങ്ങോട്ടും രക്ഷപെടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത്. പ്രതികള്‍ക്ക് കൊല്ലം വിടാന്‍ കഴിയാതെ പോയതും അതുകൊണ്ടുതന്നെയാകണം.
ഇതോടെ തിങ്കളാഴ്ച രാത്രിയോടെ കുട്ടിയെ ഉപേക്ഷിച്ചു സ്വന്തം തടി രക്ഷിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്കു മുമ്പിലില്ലെന്ന അവസ്ഥയിലെത്തി പ്രതികള്‍. പിന്നെ അതിനുള്ള സാഹചര്യം ഉണ്ടാക്കുക മാത്രമായിരുന്നു പ്രതികള്‍ക്കു മുമ്പിലുള്ള മാര്‍ഗം.ആ സാഹചര്യം സൃഷ്ടിച്ചത് കേരളത്തിലെ മാധ്യമങ്ങള്‍ തന്നെയായിരുന്നു. ലൈവായി മാറിയ മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് പ്രതികളെ വെട്ടിലാക്കിയത്.
അതില്‍ പോലീസിന് ഒരു റോളുമുണ്ടായിരുന്നില്ലെന്നതാണ് അവര്‍ പോലീസിന്‍റെ മൂക്കിനു കീഴെ കുട്ടിയെ ഇറക്കി സുരക്ഷിതരായി കടന്നുകളഞ്ഞത് തെളിയിക്കുന്നത്.
അതിനിടെ നാട്ടുകാരുടെ ഫോണില്‍നിന്നാണെങ്കിലും പ്രതികള്‍ കുട്ടിയുടെ വീട്ടിലേയ്ക്ക് വിളിച്ചു. എന്നിട്ടും പോലീസ് വലയത്തില്‍ നിന്നും പ്രതികള്‍ രക്ഷപെട്ടു. ഒടുവില്‍ അവര്‍ കുട്ടിയെ ഉപേക്ഷിച്ചതും അതേ ജില്ലയില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥലത്തുതന്നെയായതും പോലീസിന്‍റെ നാണംകെടുത്തി.
പക്ഷേ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നതും കഠിനാധ്വാനം ചെയ്തെന്നതും മറക്കാനും കഴിയില്ല. അതിന് ഫലമുണ്ടായില്ലെന്നു മാത്രം.
തിങ്കളാഴ്ച മുതല്‍ മാധ്യമങ്ങളുടെ മുതുകത്ത് കുതിരകയറിയവര്‍ ആ ‘മാധ്യമശ്രദ്ധ’ കാണാതെപോയതും വിചിത്രം തന്നെ !