ഗുവാഹത്തി: ഇന്ത്യയെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ആസ്ട്രേലിയ. ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ സെഞ്ച്വറിയാണ് മൂന്നാം ട്വന്‍റി20യിൽ ഓസീസിസ് ജയം സമ്മാനിച്ചത്. അവസാന പന്തിലായിരുന്നു ഓസീസ് ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ഓസീസ് മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് ആദ്യ ജയം സ്വന്തമാക്കി. ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു ജയം.
മാക്‌സ്‌വെൽ 48 പന്തിൽ 104 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ മാത്യു വെയ്ഡ് 28 റൺസുമായി മികച്ച പിന്തുണ നൽകി. അവസാന രണ്ടു ഓവറിൽ ഓസീസിന് ജയിക്കാൻ 43 റൺസാണ് വേണ്ടിയിരുന്നത്.
അക്സർ പട്ടേലിന്‍റെ 19ാം ഓവറിൽ 22 റൺസാണ് നേടിയത്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ്. 20ാം ഓവർ എറിഞ്ഞ പ്രസിദ് കൃഷ്ണയുടെ അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. മാക്‌സ്‌വെൽ ബൗണ്ടറി നേടി ടീമിന് ജയം സമ്മാനിച്ചു.