ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്.
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് പലപ്പോഴും കൈകളും കാലുകളും തണുക്കുകയും എപ്പോഴും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയാന്‍ കാരണമാകും.
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പോ തൈറോയിഡിസത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ കുറയുകയും ചെയ്യും. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹൈപ്പർതൈറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.
ദീർഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.തലമുടിയുടേയും ചർമ്മത്തിന്‍റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോർമോൺ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചർമ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേർത്ത് ദുർബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും.
2. ശരീരത്തില്‍ വേണ്ടത്ര അയഡിന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക.
3. പുകവലി നിർത്തുക എന്നതാണ് മറ്റൊരു വഴി. പുകവലി തൈറോയിഡ് വരുത്തുമെന്നു മാത്രമല്ല, തൈറോയിഡ് ചികിത്സകള്‍ ഫലിക്കാനും ബുദ്ധിമുട്ടുണ്ടാക്കും.
4. വിറ്റാമിന്‍ ഡിയുടെ കുറവ് തൈറോയ്ഡ് പ്രശ്‌നത്തിനു വഴിയൊരുക്കുന്ന ഒന്നാണ്. അതിനാല്‍ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.
5. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
6. സെലീനിയം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
7. സ്ട്രെസ് കുറയ്ക്കുക. അതുപോലെ രാത്രി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.