മെറ്റ പ്ലാറ്റ്‌ഫോമിന്റെ വക്താവ് ആന്‍ഡി സ്റ്റോണിനെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി റഷ്യ. വ്യക്തതയില്ലാത്ത കാരണങ്ങള്‍ ചുമത്തിയാണ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ ആഭ്യന്തര മന്ത്രാലയം സ്റ്റോണിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ വിശദാംശങ്ങളോ അദ്ദേഹത്തിനെതിരായ കുറ്റങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് തൊട്ടുപിന്നാലെ മെറ്റയുടെ പ്രധാന സോഷ്യല്‍ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. ഒക്ടോബറോടെ മെറ്റയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. മെറ്റ റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം.
റഷ്യന്‍ സൈന്യത്തിനെതിരെ അതിന്റെ പ്ലാറ്റ്ഫോമുകളില്‍ അക്രമം നടത്താനുള്ള ആഹ്വാനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായി കമ്മിറ്റി ആരോപിച്ചിരുന്നു. റഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലെ പോസ്റ്റുകള്‍ പങ്കു വച്ചിട്ടും മെറ്റ നടപടി എടുത്തില്ലെന്നായിരുന്നു ആരോപണം. ഇതില്‍ മെറ്റയുടെ വക്താവായ ആന്‍ഡി സ്റ്റോണിന് പങ്കുള്ളതായി ആരോപിച്ചാണ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 
റഷ്യയ്‌ക്കെതിരായ വ്യാജ വിവരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ആല്‍ഫബെറ്റിന്റെ ഗൂഗിളിന് റഷ്യന്‍ കോടതി 4 ദശലക്ഷം റുബിളുകള്‍ ($ 44,582) പിഴ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് അടുത്ത നീക്കം. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടുത്തിയത്. നേരത്തെ റഷ്യയില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ യുഎസ് പൗരന്‍മാരുടെ പട്ടികയില്‍ മെറ്റ സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഉള്‍പ്പെട്ടിരുന്നു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *