ബംഗളുരു: ഒ.ടി.പി. ചോദിക്കുകയോ, ലിങ്ക് അയയ്ക്കുകയോ ചെയ്യാതെ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ബംഗളുരു സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അധ്യാപികയുടെ പിതാവിന്റെ അടുത്ത സുഹൃത്താണെന്ന് പരിചയപ്പെടുത്തി അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വരികയായിരുന്നു.
അധ്യാപികയുടെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയയ്ക്കാന്‍ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനായി യു.പി.ഐ. ഐ.ഡി. തരണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. യു.പി.ഐ. ഐ.ഡി. കൈമാറിയതോടെ ഫോണ്‍പേയിലേക്ക് സന്ദേശം എത്തുകയും പരിശോധിച്ചപ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയുമായിരുന്നു. രണ്ട് തവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. ഒ.ടി.പി. ഇല്ലാതെ വന്‍ തുക എങ്ങനെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായെന്നാണ് യുവതിയുടെ പരാതി.
മൊബൈലില്‍ യാതൊരു തരത്തിലുള്ള ലിങ്ക് പോലും വരാതെയാണ് ഈ തട്ടിപ്പ് നടന്നത്. ഫോണ്‍പേയില്‍ എത്തിയ സന്ദേശം തുറക്കുക മാത്രമാണ് അധ്യാപിക ചെയ്തത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് അധ്യാപിക വ്യക്തമാക്കി. പണം നഷ്ടമായി തൊട്ടടുത്ത ദിവസവും അധ്യാപികയുടെ മൊബൈലിലേക്ക് ഇതേ നമ്പറില്‍ നിന്ന് 22 തവണ വീണ്ടും കോള്‍ വന്നിട്ടുണ്ട്.
ഇത് പുതിയതരം തട്ടിപ്പാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ലിങ്ക് അയച്ചുള്ള തട്ടിപ്പില്‍ ഇപ്പോള്‍ പലരും വീഴാറില്ല. അതുകൊണ്ട് തികച്ചും സാധാരണമെന്ന് തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങളില്‍ കോഡ് എന്‍ക്രിപ്റ്റ് ചെയ്ത് അയയ്ക്കുന്നു. ഇത് പെട്ടെന്ന് നോക്കുമ്പോള്‍ മനസ്സിലാവില്ല. ഇങ്ങനെ പണം നഷ്ടമായ സംഭവങ്ങളുണ്ടെന്ന് പോലീസും വ്യക്തമാക്കി.