ആരോഗ്യകരമായ ഭക്ഷണരീതി എന്ന് പറയുമ്പോള്‍ പലവിധ പോഷകങ്ങളും ഉറപ്പുവരുത്തുന്ന, അനാവശ്യമായ ഘടകങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സമഗ്രമായ ഡയറ്റ് തന്നെയാണ്. ധാന്യങ്ങള്‍ അതായത് പൊടിക്കാതെ തന്നെയുള്ള ധാന്യങ്ങളാണ് പ്രധാനമായും ഡയറ്റിലുള്‍പ്പെടുത്തേണ്ടൊരു വിഭവം. പോഷകങ്ങള്‍, ഫൈബര്‍ എന്നിവയെല്ലാം ലഭിക്കുന്നതിനാണ് ധാന്യങ്ങള്‍ കഴിക്കണമെന്ന് പറയുന്നത്.
ബ്രൗണ്‍ റൈസ്, ക്വിനോവയെല്ലാം ഇങ്ങനെ കഴിക്കാവുന്ന ഏറ്റവും നല്ലയിനം ധാന്യങ്ങളാണ്. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്- ആന്‍റി ഓക്സിഡന്‍റ്സ് എന്നിവയാല്‍ സമ്പന്നമായ നട്ട്സ് ആണ് കഴിച്ചിരിക്കേണ്ട മറ്റൊരു വിഭവം. ബദാം, വാള്‍നട്ട്സ് എന്നിവയെല്ലാം ഉദാഹരണം. വിവിധയിനത്തിലുള്ള പഴങ്ങളും പച്ചക്കറികളും നല്ലതുപോലെ ഡയറ്റിലുള്‍പ്പെടുത്തണം. അതും സീസണലായി ലഭിക്കുന്നവ കാര്യമായും. 
മത്സ്യവും ഇറച്ചിയുമെല്ലാം അല്‍പം ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതില്‍ റെഡ് മീറ്റിനെക്കാള്‍ നല്ലത് വൈറ്റ് മീറ്റാണ്. പേശികളുടെയും മറ്റും വളര്‍ച്ചയ്ക്കും പ്രോട്ടീനിനുമായി ഏറ്റവുമധികം ആശ്രയിക്കാവുന്നത് ഇങ്ങനെയുള്ള നോണ്‍-വെജ് ഭക്ഷണങ്ങളെയാണ്. ഇതുപോലെ തന്നെ പാലും പാലുത്പന്നങ്ങളും കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെയും പല്ലിന്‍റെയും മറ്റും ആരോഗ്യത്തിന് വേണ്ട കാത്സ്യത്തിന്‍റെ മികച്ച ഉറവിടങ്ങളാണിവ. 
പരിപ്പ്- പയര്‍ വര്‍ഗങ്ങളാണ് അടുത്തതായി ഡയറ്റിലുള്‍പ്പെടുത്തേണ്ട മറ്റൊരു വിഭാഗം ഭക്ഷണം. പ്രോട്ടീൻ, ഫൈബര്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നതിന് പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ സഹായിക്കുന്നു. ഏത് ഭക്ഷണമായാലും അത് മിതമായ അളവില്‍ കഴിക്കുന്നാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എങ്കില്‍പ്പോലും ചില ഭക്ഷണങ്ങള്‍ ബോധപൂര്‍വം പരിമിതിപ്പെടുത്തി കൊണ്ടുപോകണം. അത്തരത്തില്‍ പരിമിതപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി അറിയാം. 
പഞ്ചസാര, അതുപോലെ മധുര പലഹാരങ്ങള്‍- ശീതളപാനീയങ്ങള്‍ എന്നിവയാണ് നിയന്ത്രിക്കേണ്ട പ്രധാനപ്പെട്ടയൊരു ഘടകം. പ്രോസസ്ഡ് മീറ്റ് ആണ് മറ്റൊന്ന്. സോസേജ്, ബേക്കണ്‍ എല്ലാം ഇത്തരത്തിലുള്ള മീറ്റാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ റെഡ് മീറ്റും തീര്‍ച്ചയായും പരിമിതപ്പെടുത്തേണ്ടതാണ്. മുട്ടയും അളവില്‍ അധികം പതിവായി കഴിക്കുന്നത് നന്നല്ല. ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും കായികാധ്വാനത്തിനുമെല്ലാം അനുസരിച്ചേ മുട്ടയും കഴിക്കാവൂ. റിഫൈൻഡ‍് ആയി വരുന്ന ധാന്യങ്ങള്‍ – എന്നുവച്ചാല്‍ പൊടിച്ച് പ്രോസസ് ചെയ്തുവരുന്ന ധാന്യങ്ങളും അവ കൊണ്ടുള്ള വിഭവങ്ങളും പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വൈറ്റ് ബ്രഡ്, പാസ്ത എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed