തിരുവനന്തപുരം: സുപ്രീംകോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചതു പോലെ പഞ്ചാബ് സർക്കാരിന്റെ കേസിലെ ഉത്തരവ് വായിച്ച് മനസിലാക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അണുബാധയെത്തുടർന്ന് വിശ്രമത്തിലാണെങ്കിലും സുപ്രീംകോടതിയുടെ പഞ്ചാബ് കേസിലെ വിധിയുടെ പകർപ്പെടുത്ത് വായിച്ചു മനസിലാക്കി.
ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരേ സർക്കാർ നൽകിയ കേസ് പരിഗണിച്ച സുപ്രീംകോടതി, സമാന വിഷയത്തിൽ പഞ്ചാബിന് നൽകിയ ഉത്തരവ് വായിക്കാൻ ഗവർണറോട് നിർദ്ദേശിച്ചിരുന്നു. ഉത്തരവിനെക്കുറിച്ച് നിയമോപദേശകരുമായി ഫോണിൽ സംസാരിച്ചു. അറ്റോർണി ജനറലിനോട് ഫോണിൽ ഉപദേശം തേടിയതായും സൂചനയുണ്ട്.
 ബില്ലുകളിൽ അടയിരിക്കാനാകില്ലെന്നാണ് പഞ്ചാബ് ഗവർണറുടെ കേസിലെ സുപ്രീംകോടതിയുടെ സുപ്രധാന വിധി.  നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നൽകാൻ കഴിയില്ലെങ്കിൽ തിരികെ അയയ്ക്കണമെന്നും, ഗവർണർക്ക് നിയമസഭയുടെ പ്രവർത്തനത്തെ തടസപ്പെടുത്താനാവി ല്ലെന്നുമാണ് പഞ്ചാബ് കേസിൽ കോടതി വിധിച്ചത്. ഗവർണർ പ്രതീതാത്മക തലവൻ മാത്രമാണ്. ജനപ്രതിനിധികൾക്കാണ് യഥാർത്ഥ അധികാരമെന്നും കോടതി ഓർമിപ്പിച്ചു. പഞ്ചാബ് ഗവർണറുടെ കേസിലെ വിധി സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും, രാജ്ഭവൻ ഉദ്യോഗസ്ഥനോട് വായിക്കാൻ പറയണമെന്നും അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് കോടതി നിർദ്ദേശിച്ചിരുന്നു. 
വിധി വായിക്കാൻ നിർദ്ദേശം നൽകിയതിലൂടെ ഉത്തരവ് രാജ്യമാകെ ബാധകമാണെന്ന സന്ദേശമാണ് കോടതി നൽകിയത്.  ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം ബില്ലുകളിൽ മൂന്നു നടപടികളാണ് ഗവർണർക്ക് കഴിയുക.
ബിൽ അംഗീകരിക്കൽ അല്ലെങ്കിൽ കൈവശം വയ്ക്കൽ, ബിൽ തിരിച്ചയയ്ക്കൽ, രാഷ്ട്രപതിക്ക് അയയ്ക്കൽ. ഇതിൽ ബിൽ കൈവശം വയ്ക്കുന്നതിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. ഭേദഗതിയോടെയോ, അല്ലാതെയോ ബിൽ വീണ്ടും അയച്ചാൽ ഒപ്പിടാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു.  കോടതി ഉത്തരവ് കേരള ഗവർണർക്കും ബാധകമാണെന്ന് വന്നതോടെ, ഒപ്പിടാനുള്ള 15ബില്ലുകളിൽ വിവാദമില്ലാത്തവയിൽ ഗവർണർ ഒപ്പിടും.
വിവാദമായ ചാൻസലർ, ലോകായുക്ത ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കും. ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമെന്ന് ഗവർണർ വിലയിരുത്തിയ ബില്ലുകൾ നിയമസഭയിലേക്ക് പുനപരിശോധനയ്ക്ക് നിർദ്ദേശിച്ച് തിരിച്ച് അയയ്ക്കാനും ഇടയുണ്ട്. എന്നാൽ ഭേദഗതികളോടെയോ അല്ലാതെയോ നിയമസഭ രണ്ടാമതും ഈ ബില്ലുകൾ പാസാക്കി അയച്ചാൽ ഗവർണർക്ക് ഒപ്പിടാതെ മറ്റ് മാർഗമില്ല. ബുധനാഴ്ചയാണ് കേരള സർക്കാരിന്റെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. അപ്പോഴേക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ തിരക്കിട്ട നീക്കങ്ങളിലാണ് രാജ്ഭവൻ ഇപ്പോൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed