ഹൈദരാബാദ്: പള്ളികളില്‍ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. മലാക്പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുല്‍ നദീ(26)മാണ് പിടിയിലായത്. ആറു ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
നമസ്‌കരിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പള്ളിയിലെത്തുക. പിന്നീട്, മറ്റുള്ളവര്‍ നമസ്‌കരിക്കുമ്പോള്‍ ലാപ്ടോപ്പുകള്‍ അടങ്ങിയ ബാഗുമായി ഇയാള്‍ കടന്നുകളയും. ഓരോ മോഷണത്തിനും വ്യത്യസ്ത മസ്ജിദുകളാണ് ഇയാള്‍ തെരഞ്ഞെടുത്തിരുന്നത്.
ആസിഫ് നഗര്‍, ചാദര്‍ഘട്ട്, അഫ്സല്‍ഗഞ്ച്, ഖൈറത്താബാദ്, ആബിദിസ് എന്നിവിടങ്ങളിലെ പള്ളികളില്‍നിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. അഫ്സല്‍ഗഞ്ച് പോലീസും ടാസ്‌ക് ഫോഴ്സും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.