കൊച്ചി: സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സര്‍വകലാശാല അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
അതിനിടെ, സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും.
അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുസാറ്റില്‍ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് ഡിസിപി കെ സുദര്‍ശനന്‍ അറിയിച്ചു. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  അതിനിടെ പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നതായി കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ പറഞ്ഞു.
ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ല. സംഭവത്തില്‍ വീഴ്ചയുണ്ടായി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച സംഭവിച്ചു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
സ്‌റ്റൈപ്പുകളില്‍ കുട്ടികള്‍ വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. ഫെസ്റ്റിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 6.30ന് സംഗീത പരിപാടി നിശ്ചയിച്ചിരുന്നു.
അതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം സമീപവാസികളും സമീപപ്രദേശത്തെ വിദ്യാാര്‍ഥികളുമെല്ലാം പുറത്തുനിന്നിരുന്നു. പരിപാടി തുടങ്ങുന്ന സമയം ആയപ്പോള്‍ എല്ലാവരും അകത്തു തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും ആണ് അപകടം ഉണ്ടായതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *