തിരുവനന്തപുരം: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. ഓസ്ട്രേലിയയെ 44 റണ്‍സിനു തോൽപ്പിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 235/4 (20). ഓസ്ട്രേലിയ 191/9 (20)
ടോസ് നേടിയ ഓസീസ് നായകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (58), യശ്വസി ജയ്സ്വാളും (53), പിന്നാലെയെത്തിയ ഇഷാൻ കിഷനും (52) അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ ഒൻപതു പന്തിൽ 31 റണ്‍സ് നേടിയ റിങ്കു സിംഗും പത്ത് പന്തിൽ 19 റണ്‍സുമായി ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യയെ വൻ സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നാലു വിക്കറ്റിന് 58 എന്ന നിലയിൽനിന്ന ഓസീസിനെ സ്റ്റോയിനിസ്-ടിം ഡേവിഡ് സഖ്യം കൂറ്റൻ അടികളുമായി മുന്നോടു നയിച്ചു.
38 പന്തിൽ 81 റണ്‍സ് നേടിയ ഈ സഖ്യത്തിൽനിന്നും ടിം ഡേവിഡിനെ (37) പുറത്താക്കി രവി ബിഷ്ണോയ് ഇന്ത്യക്ക് ആശ്വാസം നൽകി. അടുത്ത ഓവറിൽ സ്റ്റോയിനിസും (45) പുറത്തായതോടെ ഓസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ചകൾ പെട്ടെന്നായി. അവസാനം ക്യാപ്റ്റൻ വേഡിന്റെ (42*) ഒറ്റയാൾ പ്രകടനം നടത്തിയെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു.
പ്രസിദ്ധ് കൃഷ്ണ, ബിഷ്ണോയി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.