ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡർ ഗന്ദൂറും 3 നേതാക്കളും കൊല്ലപ്പെട്ടു.
നോർത്തേൺ ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ– ഗന്ദൂറും മറ്റു മൂന്ന് മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ സ്ഥിരീകരണം. ഗന്ദൂർ സായുധ വിഭാഗത്തിലെ ഉയർന്ന റാങ്കിലുള്ളയാളും വടക്കൻ ഗാസയിലെ ഹമാസിന്റെ ഏറ്റവും മുതിർന്ന കമാൻഡറുമായിരുന്നു.
കൊല്ലപ്പെട്ട മൂന്നു മുതിർന്ന നേതാക്കളിൽ ഉൾപ്പെട്ട അയ്മൻ സിയ്യാം നോർത്തേൺ ബ്രിഗേഡ് എസ്സീദിൻ അൽ–ഖാസമിന്റെ റോക്കറ്റ് ഫയറിങ് യൂണിറ്റിന്റെ തലവനായിരുന്നെന്നും ഹമാസ് അറിയിച്ചു.
ഇവർ തുടങ്ങിവച്ച ആക്രമണം തുടരുമെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘‘ഗന്ദൂറിന്റെ പാത പിന്തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഗന്ദൂറിന്റെ രക്തം വെളിച്ചമാണ്, എന്നാൽ അധിനിവേശക്കാർക്ക് അത് തീയാണ്’’– ഹമാസ് വ്യക്തമാക്കി.