ചർമരോഗവുമായി വരുന്ന രോഗികൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് വിശദമായ നിരീക്ഷണവും രോഗത്തിന്റെ ചരിത്രവും പരിശോധിച്ച് കണ്ടെത്താനാവും. ചർമരോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യപ്രശ്നങ്ങളെ നേരത്തേ തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും വേണം.
ചർമരോഗത്തിനു മാത്രം ചികിത്സ നൽകുന്നതുകൊണ്ട് രോഗി സുഖപ്പെടുകയില്ല. ശരിയായ സമയത്ത് കൃത്യമായ ചികിത്സ നൽകിയാൽ പൂർണ ആരോഗ്യം തിരിച്ചുകിട്ടുമായിരുന്ന പലരുടെയും മനോനില വഷളാകാനും ഇത് വഴിവെക്കും. ചിലർ സ്വയംഹത്യക്കുപോലും ഒരുമ്പെട്ടുവെന്നും വരാം. ഇത്തരം രോഗങ്ങൾക്ക് ചർമരോഗചികിത്സയും മനോരോഗ ചികിത്സയും ഒന്നിച്ചുനൽകേണ്ടതുണ്ട്.
അതിന് ഒരു സ്കിൻ സ്പെഷലിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാസ്ട്രിസ്റ്റ് എന്നിങ്ങനെ മൂന്നു മേഖലയിലുള്ള ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. ഈ മൂന്നു വിഭാഗവും ഒരുമിച്ചിരുന്ന് പ്രവർത്തിക്കുന്ന ക്ലിനിക് സംവിധാനം ഏറെ ഫലപ്രദമാവും. അല്ലാത്തപക്ഷം ഈ മേഖലയിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം തേടണം.