ഇൻസുലിൻ ഉൾപ്പെടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു കൂട്ടം ഹോർമോണുകളെ ഉല്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥികളിൽ ഒന്നാണ് പാൻക്രിയാസ് അഥവാ ആഗ്നേയ ഗ്രന്ഥി. പാൻക്രിയാസിൽ അനിയന്ത്രിതമായി കാൻസർ രോഗങ്ങൾ പെരുകുകയും ട്യൂമറായി രൂപപ്പെടുകയും ചെയ്യുന്നതാണ് രോഗത്തിന് വഴിവെക്കുന്നത്.
ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പലപ്പോഴും അസഹ്യമായ വയർ വേദനയെ തുടർന്ന് ചികിത്സ തേടുമ്പോഴായിരിക്കും രോഗനിർണയം നടക്കുന്നത്. ചെറുതും വലുതുമായ ഞരമ്പുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന അവയവമായതിനാൽ പാൻക്രിയാസിലുണ്ടാകുന്ന കുഞ്ഞു ട്യൂമറുകൾ പോലും ശക്തമായ വേദനയുണ്ടാക്കുന്നതാണ്.
പുകയിലക്ക് പുറമേ അമിതമായ മദ്യപാനവും പാൻക്രിയാറ്റിക് കാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പാൻക്രിയാസിലുണ്ടാകുന്ന നീർക്കെട്ട്, കല്ലുകൾ, ജനിതക പാരമ്പര്യം തുടങ്ങിയവും പാൻക്രിയാസ് കാൻസറിന് കാരണമാകുന്നുണ്ട്.
രോഗം സ്ഥിരീകരിക്കുന്നത് പലപ്പോഴും അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ്. അത് കൊണ്ട് തന്നെ കീമോതെറാപി കൊണ്ടോ റേഡിയേഷൻ ചികിത്സ കൊണ്ടോ സുഖപ്പെടുത്താൻ കഴിയില്ല. ശസ്ത്രക്രിയയാണ് ഏകമാർഗ്ഗം. രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വരും. അതിസങ്കീർണമായ ശസ്ത്രക്രിയയാണ് ഇതിന് വേണ്ടി വരുന്നത്.