സ്വന്തം കൂര്‍ക്കംവലി കാരണമോ അല്ലെങ്കില്‍ മറ്റുള്ളവരുടെ കൂര്‍ക്കംവലിയുടെ ശബ്ദം കാരണം ഉറക്കം നഷ്ടപ്പെട്ടതോ ആയ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍, ഉറക്കത്തിനിടെ സംഭവിക്കുന്ന ഒരു സാധാരണ കാര്യമായാണ് മിക്കവരും ഇതിനെ കണക്കാക്കുന്നത്.
മൂക്ക്, പാരിങ്ങ്സ്, ടോണ്‍സില്‍സ്, കുറുനാവ് എന്നിവയെല്ലാം ചേരുന്നതാണ് അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ്. ഈ പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉറക്കത്തിനിടെ ശ്വസനം കൃത്യമായി നടക്കാതെ വരുകയും കുറുനാവിനും അവിടെയുള്ള മസിലുകള്‍ക്കും പ്രകമ്പനമുണ്ടാകുകയും ചെയ്യും.
ഏകദേശം നാലുവയസ്സു മുതല്‍ കുഞ്ഞുങ്ങളില്‍ ഈ അവസ്ഥ അനുഭവപ്പെട്ടേക്കാം. സാധാരണ അഡിനോയ്ഡല്‍ ഹൈപ്പര്‍ട്രോഫിയാണ് കുഞ്ഞുങ്ങളിലെ കൂര്‍ക്കംവലിക്ക് കാരണമാകുന്നത്. മൂക്കിന്‍റെ പിന്‍ഭാഗത്തുള്ള അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം വരുന്ന അവസ്ഥയാണിത്. ഈ ഭാഗം വികസിക്കുന്നത് കാരണം ശ്വാസം കൃത്യമായ രീതിയില്‍ കടന്നുപോകുന്നതിന് പ്രയാസമുണ്ടാകുന്നു.
പുതിയ കാലത്ത് കൂര്‍ക്കംവലി അനുഭവപ്പെടുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. അതിന് പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ പ്രവണതകളാണ്. ശാരീരികാധ്വാനം കുറയുന്നതും അശ്രദ്ധമായ ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി ജീവിതശൈലി ഈ തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അമിതവണ്ണം ഉണ്ടാകുകയും ഇത് കൂര്‍ക്കംവലിയുണ്ടാകാന്‍ കാരണമാകുകയും ചെയ്യും.