ബ്യൂണസ് ഐറിസ് : കോപ്പ അമേരിക്ക 2024 ന് ശേഷം താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുമെന്ന് അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അർജന്റീനിയൻ താരം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 15 വർഷമായി അർജന്റീനയുടെ പ്രമുഖ താരങ്ങളിൽ ഒരാളാണ് ഏഞ്ചൽ ഡി മരിയ.

അർജന്റീന കപ്പ് ഉയർത്തിയ കഴിഞ്ഞ ലോകകപ്പിലും ഡി മരിയ നിർണായകമായ പ്രകടനം കാഴ്ച വച്ചിരുന്നു. ഇതുവരെ 136 മത്സരങ്ങളിലാണ് അർജന്റീനക്കായി ഡി മരിയ പൊരുതിയിട്ടുള്ളത്. 4 ലോകകപ്പുകളിലും ആറ് കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ഡി മരിയ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
അർജന്റീന ദേശീയ ടീമിന് പുറമേ റയൽ മാഡ്രിഡ്, പി എസ് ജി, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിലും ഡി മരിയ കളിച്ചിട്ടുണ്ട്. നിലവിൽ ബെൻഫിക്കയിലാണ് താരം ഉള്ളത്. 2022 ലോകകപ്പിൽ ഫൈനൽ മത്സരത്തിൽ ഗോൾ നേടി കൊണ്ട് അർജന്റീനക്കായി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് എയ്ഞ്ചൽ ഡി മരിയ ബൂട്ടഴിക്കുന്നത്.
അടുത്തവർഷം ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുക. യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് കോപ്പ അമേരിക്ക ടൂർണമെന്റിന് ആതിഥേയറ്റം വഹിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *