പഴയന്നൂര്‍: യാത്രക്കാരിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബസ് പോലീസ് സ്റ്റേഷനിലെത്തി. ചൂലനൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഒന്നര പവന്റെ മാലയാണ് കാണാതായതെന്ന് പരാതി വന്നത്.
വ്യാഴാഴ്ചയാണ് സംഭവം. തോലനൂര്‍-ഒറ്റപ്പാലം-ചൂലനൂര്‍ റൂട്ടിലോടുന്ന സുമി ബസില്‍ കയറിയപ്പോള്‍ മാല കാണാനില്ലെന്ന് ബസ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ഉടന്‍ ബസ് ജീവനക്കാര്‍ അമ്പതോളം യാത്രക്കാരുമായി പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി. യാത്രക്കാരുടെ ബാഗ് ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
ബസില്‍ സ്ഥിരം മാല പൊട്ടിക്കുന്നവരുടെ ഫോട്ടോ വച്ച് അവരിലാരെങ്കിലുമുണ്ടോയെന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യാത്രക്കാരില്‍ ചിലര്‍ വീട്ടമ്മ ബസില്‍ കയറുമ്പോള്‍ത്തന്നെ കഴുത്തില്‍ മാലയുണ്ടായിരുന്നില്ലെന്ന് അറിയിച്ചു. ഇതോടെ തിരച്ചില്‍ മതിയാക്കി വീട്ടമ്മയുടെ പരാതി സ്വീകരിച്ച് പോലീസ് ബസ് തിരിച്ചയച്ചു.