കുന്നംകുളം: നഗരത്തിലെ വസ്ത്രവ്യാപാരം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഇതര സംസ്ഥാന മോഷണസംഘത്തിലെ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അമിത്ത് വിഹാറില്‍ സിങ്ങി(29)നെയാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ മറ്റൊരു മോഷണക്കേസില്‍ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച വെളിപ്പെട്ടത്. ഇന്റര്‍നെറ്റില്‍ പരിശോധന നടത്തിയാണ് വസ്ത്ര വ്യാപാര സ്ഥാപനം മോഷണത്തിനായി ഇവര്‍ തെരഞ്ഞെടുത്തത്.
സെപ്റ്റംബര്‍ 17നായിരുന്നു മോഷണം നടന്നത്. സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ എ.സി. ഡോര്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഓഫീസ് മുറിയില്‍ കടന്ന് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞായറാഴ്ചയും കട പ്രവര്‍ത്തിച്ചിരുന്നു. ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ മേശയില്‍ സൂക്ഷിച്ച പണമായിരുന്നു മോഷ്ടിച്ചത്. തൊട്ടടുത്തുള്ള കെട്ടിടത്തിലെ സ്ഥാപനത്തിലും സ്‌റ്റേഷനറി കടയിലും മോഷണശ്രമം നടന്നിരുന്നു.