വടക്കന്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച് 9 എന്‍ 2 (ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ്) കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ കേസുകകള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഗണത്തില്‍പെട്ടതാണെന്നും ഇന്ത്യയില്‍ ഈ രോഗത്തിന് അപകടസാധ്യത കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിലാണ് ചൈനയില്‍ ഡബ്‌ളിയുഎച്ച്ഒ എച്ച് 9 എന്‍ 2 റിപ്പോര്‍ട്ട് ചെയ്യുന്നത്. എച്ച് 9 എന്‍ 2 കേസുകള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് അടുത്തിടെ ഒരു യോഗം ചേര്‍ന്നിരുന്നിരുന്നു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മൊത്തത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. എച്ച് 9 എന്‍ 2 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മരണനിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യന്‍, മൃഗസംരക്ഷണം, വന്യജീവി മേഖലകള്‍ക്കിടയില്‍ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കോവിഡ് -19 ന് ശേഷം ചൈന മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. നിഗൂഢമായ ഈ ന്യുമോണിയ സ്‌കൂളുകളിലൂടെ വ്യാപിക്കുകയും ആശുപത്രികള്‍ രോഗികളായ കുട്ടികളാല്‍ നിറയുകയും ചെയ്തു. ആഗോള ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഈ സംഭവം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോ?ഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ചുമയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ബീജിംഗില്‍ നിന്നുള്ള  ഒരു പൗരന്‍ തായ്വാനീസ് വാര്‍ത്താ വെബ്സൈറ്റായ എഫ്ടിവി ന്യൂസിനോട് പറഞ്ഞു.
ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥയുടെ പ്രഭവകേന്ദ്രങ്ങള്‍ ബീജിംഗും ലിയോണിംഗ് പ്രവിശ്യയുമാണ്. ചൈനയിലെ കുട്ടികളുടെ ആശുപത്രികളില്‍ നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും രോഗബാധിതരായതിനാല്‍ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിലേക്ക് സാഹചര്യവുമുണ്ടായി. കോവിഡ് -19 ന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ്  ഈ സാഹചര്യം.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലെ ഊഹാപോഹങ്ങള്‍ സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയയായ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒക്ടോബര്‍ ആദ്യം മുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വര്‍ദ്ധനവ് ചൈനയില്‍ രേഖപ്പെടുത്തിയത്. 
എന്നാല്‍ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡിന്റെ ആദ്യ നാളുകളില്‍ രോഗ വ്യാപനത്തെ പറ്റിയുള്ള വിവരങ്ങള്‍ ചൈന പുറംലോകത്ത് നിന്ന് മറച്ചുവച്ചിരുന്നു. അതിനാല്‍ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *