വാഷിംഗ്ടൺ : ഇന്ത്യക്കാരനായ ഡോക്ടർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎസിലെ ഒഹിയോയിലാണ് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്.സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ആൻഡ് ഡെവലപ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന ആദിത്യ അദ്ലാഖ ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
വെസ്റ്റേൺ ഹിൽസ് വയഡക്റ്റിന്റെ മുകളിലെ ഡെക്കിൽ മതിലിൽ ഇടിച്ച നിലയിൽ കാണപ്പെട്ട വാഹനത്തിനുള്ളിൽ ഒരാളെ വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം ആണ് അറിയിച്ചത്. രാവിലെ 6:20 ഓടെയാണ് പ്രദേശത്ത് വെടിവെപ്പുണ്ടായതെന്ന് ഗൺഫയർ ലൊക്കേറ്റർ സേവനമായ ഷോട്ട്‌സ്‌പോട്ടർ റിപ്പോർട്ട് ചെയ്തു.
മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിൽ ബുള്ളറ്റുകളുടെ പാടുകൾ കണ്ട ഇതുവഴി പോയ ഡ്രൈവർമാരാണ് സംഭവം പോലീസിനെ അറിയിച്ചത്. ന്യൂഡൽഹിയിലെ ഡൽഹി സർവകലാശാലയിലെ രാംജാസ് കോളേജിൽ നിന്ന് 2018-ൽ സുവോളജിയിൽ ബിരുദം നേടിയ ആദിത്യ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് 2020-ൽ ഫിസിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്.