അനധികൃത സ്വത്ത് സമ്പാദനകേസില്‍ സിബിഐ അന്വേഷണം പിന്‍വലിക്കുന്ന കര്‍ണാടക മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാന്‍ സിബിഐക്ക് മുന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയത് നിയമപ്രകാരമല്ല. അതിനാലാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത്. 
കേസ് പിന്‍വലിക്കാനുള്ള തീരുമാനം മാധ്യമങ്ങളിലൂടെയായാണ് അറിഞ്ഞതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ പങ്കെടുത്തിരുന്നില്ല. കേസില്‍ സിബിഐക്ക് നല്‍കിയ അനുമതിപിന്‍വലിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
‘ഇന്നലെ  എനിക്ക് കാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പത്രത്തിലൂടെയാണ് വാര്‍ത്ത കണ്ടത്. ആ വിഷയത്തില്‍ സംസാരിക്കേണ്ടവര്‍ സംസാരിക്കും.’- ശിവകുമാര്‍ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് ദിവസത്തേക്ക് തെലങ്കാനയിലേക്ക് പോകുകയാണ്. ”പാര്‍ട്ടി എന്നോട് പ്രചാരണം നീട്ടാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യേണ്ടിവരും.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐയ്ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിക്കെതിരെ ശിവകുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ കര്‍ണാടക ഹൈക്കോടതി നവംബര്‍ 29 ലേക്ക് മാറ്റിയിരുന്നു.
അപ്പീലില്‍ അനുവദിച്ച സ്റ്റേയ്‌ക്കെതിരെ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച അപേക്ഷ രണ്ടാഴ്ചയ്ക്കകം കേള്‍ക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 15 ന് സിബിഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2019 സെപ്തംബര്‍ 25ന് തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതിയെ ചോദ്യം ചെയ്ത് ശിവകുമാര്‍ നല്‍കിയ ഹര്‍ജി സിംഗിള്‍ ജഡ്ജി ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്, ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ശിവകുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഹൈകോടതി സ്റ്റേ അനുവദിക്കുന്നത്. ഈ സ്റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു.
2017ല്‍ ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വമേധയാ അന്വേഷണം ആരംഭിച്ചിരുന്നു. ഇഡി അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സിബിഐ അനുമതി തേടി. 2019 സെപ്തംബര്‍ 25 ന് അന്നത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 2020 ഒക്ടോബര്‍ മൂന്നിന് സിബിഐ അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായിരിക്കെ 2013 ഏപ്രില്‍ ഒന്നു മുതല്‍ 2018 ഏപ്രില്‍ 30 വരെ 74.93 കോടി രൂപയുടെ സ്വത്ത് ശിവകുമാര്‍ സമ്പാദിച്ചതായി സിബിഐ ആരോപിക്കുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *