എലപ്പുള്ളി:രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ നേതൃത്വത്തിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്വദേശി സംരംഭക ത്രിദിന പരിശീലനം സംഘടിപ്പിച്ചു.പ്രാദേശിക തലത്തിലുള്ള വിഭവങ്ങളും മനുഷ്യാദ്ധ്വാനവും ചേർന്ന സ്വദേശി എല്ലാ അർത്ഥത്തിലും സ്വരാജ് കൈവരിക്കുന്നതിന് ആവശ്യമാണെന്ന ഗാന്ധിജിയുടെ നിർദ്ദേശം പരിഗണിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ ഉൽപ്പാദനവും വിതരണവും വിപണനവും ഭക്ഷ്യോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയും നടത്തിയാണ് സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നത്.
മിൽമ ചെയർമാൻ കെ.എസ്.മണി ത്രിദിന പരിശീലനം ഉൽഘാടനം ചെയ്തു.സർവോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ.ശുദ്ധോധനൻ മുഖ്യപ്രഭാഷണം നടത്തി.സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി, സർവ്വോദയ കേന്ദ്രം നിർവ്വാഹക സമിതിയംഗം ഐശ്വര്യ ശ്രീനിവാസൻ, അന്ത്യോദയ പദ്ധതി കോർഡിനേറ്റർ ഡോ.ജയശ്രീ,കൃഷ്ണൻകുട്ടി മുതിരംപള്ളം തുടങ്ങിയവർ സംസാരിച്ചു.
അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്കും വീട്ടമ്മമാർക്കും മാന്യമായ വരുമാനം ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായ ഗ്രാമജീവിതം ഉറപ്പാക്കുകയാണ് സ്വദേശി പ്രസ്ഥാനത്തിലൂടെ ലക്ഷ്യമാക്കുന്നത്.