ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യം നീണ്ടേക്കും.
തുരക്കല്‍ പ്രക്രിയ 12 മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടുപോയേക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേശകനായ ഭാസ്‌കര്‍ കുബ്ലെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
രക്ഷാദൗത്യത്തിന് പ്രതിബന്ധമായി നിന്ന ഇരുമ്പുപാളി നീക്കം ചെയ്തിട്ടുണ്ട്. കട്ടറുകള്‍ ഉപയോഗിച്ച് ഇരുമ്പുപാളി മുറിച്ചുനീക്കുകയായിരുന്നു.
തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 800 മില്ലിമീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കടത്തിവിടാനാണ് ശ്രമം തുടരുന്നത്. ഇതുവഴി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പദ്ധതി. 
തുരക്കല്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം വരെയെത്താന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ സഹായത്തോടെയാകും തൊഴിലാളികളെ പുറത്തെത്തിക്കുക. ഓരോരുത്തരെയായിട്ടാകും പുറത്തെത്തിക്കുക. ഇതിനായി ചുരുങ്ങിയത് മൂന്നു മണിക്കൂറിലേറെ വേണ്ടി വന്നേക്കുമെന്നും ഭാസ്‌കര്‍ കുബ്ലെ പറയുന്നു.
മെഡിക്കല്‍ ആംബുലന്‍സുകള്‍, ഓക്സിജന്‍ ബെഡുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം പുറത്ത് സജ്ജമാണ്. 
സില്‍ക്യാര തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ അതിനുള്ളില്‍ കുടുങ്ങിയിട്ട് 12 ദിവസം പിന്നിട്ടു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി കെ സിങ്ങും സില്‍ക്യാരയിലെത്തിയിട്ടുണ്ട്.
ഏതു പ്രതിബന്ധങ്ങളെയും നേരിടാന്‍ തയ്യാറാമെന്നും, തൊഴിലാളികളെ എത്രയും വേഗം പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *