തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി കുട്ടികളെ വെയിലത്തു നിർത്തിയ സംഭവത്തിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ചീഫ് സെക്രട്ടറി വി വേണുവിന് കേന്ദ്ര ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും കമ്മീഷൻ.
തലശ്ശേരിയിൽനിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ ഒരു മണിക്കൂറോളം വെയിലത്ത് നിർത്തിയത്. ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്.
ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും എബിവിപി ദേശീയ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.