ഇടുക്കി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സി.പി.എം. മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ദേശാഭിമാനി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് മറിയക്കുട്ടിയുടെ ഹര്‍ജി. യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു.
ഇതിനു പിന്നാലെ വാര്‍ത്തയില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും ഖേദപ്രകടനത്തില്‍ പറഞ്ഞു. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നെന്നും ദേശാഭിമാനി അറിയിച്ചിരുന്നു.