കായംകുളം: കേരള സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ പൊതു തെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചരണ തന്ത്രങ്ങളുമായി കായംകുളം എംഎസ്എം കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍.
നവംബര്‍ 24 ന് കേരള സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ്, ആര്‍ക്കിടെക്ച്ചര്‍, ഓട്ടോണമസ് കോളേജുകളില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ വീറും വാശിയും രാഷ്ടീയ സംഘട്ടനങ്ങളാലും ശ്രദ്ധേയമായിരുന്നു കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് മാറിയതോടെ രാഷ്ടീയ വിരുദ്ധതയും സംഘട്ടനങ്ങളുമില്ലാതെ സമാധനമായി നടന്നുപോരുന്ന തെരഞ്ഞെടുപ്പുകള്‍ ഇന്ന് പഴയ വീറും വാശിയുമായി വീണ്ടും കാമ്പസ്സുുകളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. 
പൊതു തിരഞ്ഞെടുപ്പുുകളെ വെല്ലുന്ന പ്രചരണ തന്ത്രങ്ങളും പ്രകടനപത്രികകളുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കായംകുളം എംഎസ്എം കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ സജീവമായി പ്രചരണരംഗത്ത് നിറഞ്ഞ് നില്‍ക്കുന്നു.
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ആട്സ് ക്ലബ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറന്‍മാര്‍, വനിതാ പ്രതിനിധികള്‍, ക്ലാസ് പ്രതിനിധികള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് മല്‍സരങ്ങള്‍. 
ഇതില്‍ തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറന്‍മാര്‍ ചേര്‍ന്നാണ് കേരള സര്‍വ്വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി യൂണിയന്‍ കൈപ്പിടിയിലൊതുക്കുക എന്നതിന് രാഷ്ട്രീയ പിന്തുണകൂടി കലാലയ തിരഞ്ഞെടുപ്പില്‍ പ്രകടമായി കാണാം. 
കായംകുളം എംഎസ്എം കോളേജില്‍ കോണ്‍ഗ്രസ് മുസ്ലീംലീഗ് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി യൂണിയനുകളായ കെഎസ്‌യുവും എംഎസ്എഫും മറ്റും ചേര്‍ന്ന് യുഡിഎസ്എഫ് എന്നപേരില്‍ ഒറ്റപാനലില്‍ മല്‍സരിക്കുമ്പോള്‍ എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകള്‍ ഇവിടെ വെവ്വേറേ പാനലിലാണ് മല്‍സരിക്കുന്നത്. ഒപ്പം ഫ്രറ്റേണിറ്റി മൂവ്മെന്‍റും മല്‍സരരംഗത്തുണ്ട്. 
യുഡിഎസ്എഫ് പാനലില്‍ ചെയര്‍മാന്‍ ഇര്‍ഫാന്‍ എസ് എസ്, വൈസ് ചെയര്‍മാന്‍ സിയാന സാബു, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്സമ്മില്‍, യുയുസി  ജാസ്മിന്‍ ജലീല്‍, മുഹമ്മദ് തസ്നിം റഷീദ്, മാഗസിന്‍ എഡിറ്റര്‍  സജ്മി എസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി സിയാം അസീസ്എന്നിവരും എസ്എഫ്ഐ പാനലില്‍ ചെയര്‍മാന്‍ ലുക്മാനുല്‍ ഹക്കീം, വൈസ് ചെയര്‍മാന്‍ ആദിത്യാ മഹേശ്വരന്‍, ജനറല്‍ സെക്രട്ടറി അഫ്വാന്‍, യുയുസി  അഭിജിത്ത്, അല്‍ സഫാന്‍, മാഗസിന്‍ എഡിറ്റര്‍ ഗൌതമി,  ആര്‍ട്സ് ക്ലബ് സെക്രട്ടറി മുഹമ്മദ് സാദിക്ക്, എന്നിവരും എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി ബിലാല്‍, ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി നാദിര്‍ഷ എന്നിവരുമാണ് നേര്‍ക്ക് നേരെയുള്ള‍ മല്‍സരത്തിൽ. 
കൂടാതെ എല്ലാ സംഘടനകളും  വനിതാ പ്രതിനിധികളേയും ക്ലാസ് പ്രതിനിധികളേയും മല്‍സരിപ്പിക്കുന്നുമുണ്ട്. കായംകുളം എംഎസ്എം കോളേജ് യൂണിയന്‍ ദീര്‍ഘ നാള്‍ കെഎസ്‌യുവും, എംഎസ്എഫും കൈപ്പിടിയിലൊതുക്കിയിരുന്നു. 
എന്നാല്‍ 1990 കാലത്തോടെ എസ്എഫ്ഐ, എഐഎസ്എഫ് സംഖ്യം യൂണിയന്‍ ഭരണം തിരിച്ച് പിടിച്ചിരുന്നു. പിന്നീട് മുന്‍ വര്‍ഷം വീണ്ടും യുഡിഎസ്എഫ് സംഖ്യം മുഴുവന്‍ സീറ്റിലും വിജയിച്ചിരുന്നു.
കായംകുളം എംഎസ്എംകോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകളിലൂടെ രാഷ്ട്രീയ ബാലപാഠം കുറിച്ച  അഡ്വ. സി.എസ് സുജാത, അഡ്വ. ബാബുജാന്‍, അഡ്വ. അജികുമാര്‍, അഡ്വ. ഷിജി, അഡ്വ. ഷാജഹാന്‍, അഡ്വ. സുനില്‍കുമാര്‍, അഡ്വ. യു മുഹമ്മദ്, അഡ്വ. ഇ സമീര്‍, എ.ജെ ഷാജഹാന്‍, അഡ്വ. ബാബുരാജ്, അപ്സര രാജു, ഷെയ്ഖ് പി ഹാരീസ്, അഡ്വ. എൻ.ശിവദാസൻ, അഡ്വ. എച്ച് ബഷീര്‍കുട്ടി, അഡ്വ. സജീബ് തവക്കൽ തുടങ്ങിയവര്‍ പൊതു രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സ്ഥാനങ്ങളില്‍ ഇപ്പോഴും സജീവമാണ്. 
കായംകുളം എംഎസ്എം കോളേജ് രാഷ്ട്രീയത്തിലെ ഉജ്വല പ്രാസംഗികൻ ആയിരുന്നു ഇപ്പോഴത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ ഹക്കീം. ഒട്ടനവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഔദ്യോഗിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേർ എംഎസ്എം കോളേജ് രാഷ്ട്രീയ കളരിയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരത്രെ. 
എംഎസ്എം കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്ദ്യോഗികമായ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. താഹയും അറിയിച്ചു. കേരള രാഷ്ട്രീയത്തിൽ എന്നും നിറഞ്ഞു നിന്ന പി.കെ കുഞ്ഞു സാഹിബ്‌ നേതൃത്വം കൊടുത്ത എംഎസ്എം കോളേജിൽ രാഷ്ട്രീയ മത്സരം ഇല്ലാതിരിക്കുന്നതിൽ എന്തർത്ഥമെന്നാണ് നാട്ടുകാരും ചോദിക്കുന്നത്.
റിപ്പോര്‍ട്ട്: നിസാര്‍ പൊന്നാരത്ത്

By admin

Leave a Reply

Your email address will not be published. Required fields are marked *