ദുബായ്: ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്‌സ് എയർലൈൻ. ഗാസയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സ് എയർലൈൻ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവ്വീസ് ഉണ്ടാകില്ലെന്നാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് കമ്പനി അധികൃതർ വ്യക്തമാക്കിയത്.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ കഴിഞ്ഞ ഒക്ടോബർ 20 വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് തുടക്കത്തിൽ പ്രഖ്യാപിക്കുകയും പിന്നീട് അത് ഒക്ടോബർ 26 വരെ നീട്ടുകയും ചെയ്തിരുന്നു.
തുടർന്ന് ഈ മാസം 30 വരെയും താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സർവ്വീസുമായി ബന്ധപ്പെട്ട് കമ്പനി അറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രയേലിലേയ്ക്ക് എമിറേറ്റ്സിൻ്റെ മൂന്ന് വിമാനങ്ങളാണ് ദിവസേന സർവീസ് നടത്തിയിരുന്നത്.